സി.എസ്: ലാളിത്യത്തിന്റെ മാതൃക
text_fieldsസി.എസ്. നാരായണൻ നായരുടെ മൃതദേഹത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു റീത്ത്
സമർപ്പിക്കുന്നു
കോതമംഗലം: ജനകീയനായി രാഷ്ട്രീയജീവിതം നയിച്ച ലാളിത്യത്തിെൻറ രണ്ടക്ഷരമായിരുന്നു സി.എസ് എന്ന പേരിൽ കോതമംഗലത്തെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അന്തരിച്ച സി.എസ്. നാരാണയൻ നായർ. സി.പി.ഐയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലെത്തിയപ്പോഴും സൗമ്യമുഖമായിരുന്നു. പാർട്ടി-തൊഴിലാളി യൂനിയൻ ചുമതലകൾക്കൊപ്പം സഹകരണ രംഗത്തെ പദവികളും വഹിച്ചു. കുത്തുകുഴി പാലുൽപാദക സഹകരണ സംഘത്തിെൻറ പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. കുത്തുകുഴി സഹകരണ സംഘം ഭരണസമിതിയംഗം, സി.പി.ഐ മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സിയുടെ കീഴിലെ വിവിധ യൂനിയനുകളുടെ സെക്രട്ടറി, പ്രസിഡൻറ് പദവികൾ വഹിച്ചിരുന്നു. കമ്യൂണിസ്റ്റ് കുടുംബത്തിലാണ് സി.എസ് ജനിച്ചത്.
പിതാവ് ശിവരാമൻ നായർ കോതമംഗലത്തെ ആദ്യകാല കമ്യൂണിസ്റ്റുകളിൽ പ്രമുഖനായിരുന്നു. സി.എസിെൻറ ചന്ദ്രത്തിൽ വീട്ടിൽ ഇ.എം.എസ് പങ്കെടുത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം നടത്തിയിട്ടുണ്ട്. അസുഖത്തെതുടർന്ന് വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ട്രേഡ് യൂനിയൻ നേതാക്കളും റീത്ത് സമർപ്പിച്ചു. ആൻറണി ജോൺ എം.എൽ.എ, മുൻ എം.എൽ.എമാരായ എൽദോ എബ്രഹാം, ബാബു പോൾ, സി.പി.ഐ ജില്ല അസി. സെക്രട്ടറിമാരായ ഇ.കെ. ശിവൻ, കെ.എൻ. സുഗതൻ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ്, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, മുൻ മന്ത്രി ടി.യു. കുരുവിള, കേരള കോൺഗ്രസ് ജോസഫ് ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറം, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എം. ഇസ്മായിൽ, ഡി.സി.സി സെക്രട്ടറി എ.ജി. ജോർജ് തുടങ്ങി നാനാതുറയിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.