കോതമംഗലം: തൃക്കാരിയൂരിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം. രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്.
ബി.ജെ.പി പഞ്ചായത്ത് അംഗത്തിെൻറ വീടിനുനേരേ ആക്രമണമുണ്ടായെന്നും പരാതിയുണ്ട്. സംഘ്പരിവാർ സംഘടനകൾ പ്രദേശത്ത് ബുധനാഴ്ച ഹർത്താൽ നടത്തി.
ചൊവ്വാഴ്ച രാത്രി 11ഓടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷററും മണ്ഡലം സെക്രട്ടറിയുമായ കണ്ടംബ്ലായിൽ ശ്രീജിത്തിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നു.
തടത്തിക്കവലയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്കിലും കാറിലുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്ന് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ കഴിയുന്ന ശ്രീജിത്ത് പറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കാരിയൂർ പടിഞ്ഞാറ്റുകാവിന് സമീപം ആറോളം വരുന്ന സംഘം ഡി.വൈ.എഫ്.ഐ മേഖല ജോ. സെക്രട്ടറി ചിറ്റയിൽ സി.എസ്. സൂരജിനെയും (26) ആക്രമിച്ചു. തലക്ക് പരിക്കേറ്റ സൂരജിനെ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൻറണി ജോൺ എം.എൽ.എ, സി.പി.എം നേതാക്കളായ ആർ. അനിൽകുമാർ, എസ്. സതീഷ് എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
വാർഡ് മെംബറും ബി.ജെ.പി നേതാവുമായ സനൽ പുത്തൻപുരയുടെ വീട് തല്ലിത്തകർെത്തന്നാരോപിച്ച് സംഘ് പരിവാർ സംഘടനകൾ ബുധനാഴ്ച ഉച്ചമുതൽ തൃക്കാരിയൂർ മേഖലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വൈകീട്ട് പ്രകടനവും നടത്തി.
തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന് മുന്നിൽ സംഘർഷം സൃഷ്ടിക്കാൻ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചെന്നും ഇതിെൻറ തുടർച്ചയായാണ് ശ്രീജിത്തിനെയും സൂരജിനെയും ആക്രമിച്ചതെന്നും സി.പി.എം തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ജയകുമാർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തിനുശേഷം തൃക്കാരിയൂരിലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രദേശിക നേതാക്കളും പുറമെനിന്ന് കൊണ്ടുവന്ന ക്രിമിനൽ സംഘങ്ങളും ചേർന്നാണ് വ്യാപക അക്രമം അഴിച്ചുവിട്ടതെന്ന് സംഘ്പരിവാർ സംഘടനകൾ ആരോപിച്ചു.