നാട്ടുകാരെന്ത് 'കാട്ടാനാ'; വന്യമൃഗങ്ങൾ ജീവനെടുക്കുമ്പോൾ അധികൃതരുടെ നിസ്സംഗത തുടരുന്നു
text_fieldsമന്ത്രി പി. രാജീവ്, ആന്റണി ജോൺ എം.എൽ.എ എന്നിവർ അന്തിമോപചാരം അർപ്പിക്കുന്നു
കോതമംഗലം: അധികൃതരുടെ നിസ്സംഗത തുടരുന്ന കാലത്തോളം വന്യമൃഗങ്ങൾ ഇനിയും ജീവനെടുക്കുമെന്ന് കാണിച്ചു തരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശനിയാഴ്ച വൈകീട്ട് ഇടുക്കി റോഡിൽ അരങ്ങേറിയത്.കാട്ടാന മറിച്ചിട്ട പനമരം വീണ് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥിനി ആൻ മേരിയാണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്.
സർവിസ് ബസുകളും സ്കൂൾ, കോളജ് വാഹനങ്ങളും ഉൾപ്പെടെ തിരക്കുള്ള ഇടുക്കി റോഡിലെ ചെമ്പൻകുഴിയിലാണ് ശനിയാഴ്ച വൈകീട്ട് ആന കുത്തിമറിച്ച മരം ബൈക്കിന് മുകളിൽ വീണ് കാഞ്ചിക്കോട് ഇൻസ്ട്രുമേന്റേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥൻ സി.ജെ. വിത്സന്റെയും കാഞ്ചിക്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജീനയുടെയും മകൾ സി.വി. ആൻമേരി മരിച്ചതും പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുല്ലശ്ശേരി അൽത്താഫിന് സാരമായി പരിക്കേറ്റതും.
റോഡിന് മുകളിലെ ഉയരത്തിൽ നിന്ന് മറിഞ്ഞ മരത്തിനടിയിൽപ്പെട്ട് ഇവർ റോഡിൽ വീഴുകയും ബൈക്ക് നിയന്ത്രണംവിട്ട് എതിർവശത്തെ പറമ്പിലേക്ക് തെറിച്ചുപോവുകയും ചെയ്തു. ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
ഇത്തരത്തിൽ ജനം പൊറുതിമുട്ടുമ്പോഴാണ് ഏക യാത്രാമാർഗമായ പാതയിലും ആനകളുടെ സാന്നിധ്യം പതിവാകുന്നത്. ദേശീയപാതയിൽ വില്ലാഞ്ചിറയിലും നേര്യമംഗലം പാലത്തിനടുത്ത് വനം വകുപ്പ് ഓഫിസിന് മുന്നിലും കാട്ടാനയിറങ്ങുന്നത് പതിവാവുകയും പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
കാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ...
കഴിഞ്ഞ ദിവസം നേര്യമംഗലം ടൗണിനടുത്തുവരെ കാട്ടാനയെത്തിയിരുന്നു. ഇടുക്കി ജില്ലയിലെ കാഞ്ഞിരവേലി ഭാഗത്ത് നിന്ന് പെരിയാർ കടന്നെത്തുന്ന ആനകളാണ് ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിൽ തമ്പടിച്ച് വ്യാപക നാശമുണ്ടാക്കുന്നത്. ഇതിനിടെ കഴിഞ്ഞ ആഴ്ചകളിൽ മുള്ളരിങ്ങാട്, ചാത്തമറ്റം ഒറ്റക്കണ്ടം മേഖലകളിലെത്തിയ ആനകളെ തിരികെ പെരിയാർ കടത്താൻ തുരത്തിയോടിച്ച് ചെമ്പൻകുഴി,നീണ്ടപാറ ഭാഗങ്ങളിലേക്ക് എത്തിച്ചതാണ് ആനകളുടെ സാന്നിധ്യം ഇവിടെ വർധിക്കാൻ ഇടയാക്കിയെതെന്നും ചുണ്ടിക്കാട്ടപ്പെടുന്നു.
പ്രതിഷേധം ശക്തമാവുമ്പോൾ പ്രതിരോധ മാർഗങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണ്. സ്ഥാപിച്ച വൈദ്യുത വേലികൾ കാട്ടാനകൾ തകർത്തുകഴിഞ്ഞു. തൂക്കുവൈദ്യുത വേലി സ്ഥാപിക്കൽ വടാട്ടുപാറയിലൊഴികെ മറ്റിടങ്ങളിൽ നിർമാണോദ്ഘാടനമല്ലാതെ പ്രാവർത്തികമായിട്ടുമില്ല. ആനകൾ കടന്നുവരുന്നത് തടയാൻ ഫലപ്രദം കിടങ്ങ് നിർമിക്കലാണെന്ന് പറയുമ്പോഴും ഇതിന് അധികൃതരുടെ അനുകൂല പ്രതികരണവുമില്ല.
പരിക്കേറ്റ് ചികിത്സയിലുള്ളത് നിരവധി പേർ
താലൂക്കിൽ വന്യ ജീവി ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിയുകയും അനേകം ആളുകൾ പരിക്കേറ്റ് ചികിത്സയിലുമാണ്. കഴിഞ്ഞ മാർച്ച് നാലിന് കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര പുരയിടത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വലിയ പ്രതിഷേധത്തിലെത്തിയിരുന്നു. വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധം മുന്നിൽകണ്ട് ആൻമേരിയുടെ മൃതദേഹം അധികൃതർ ശനിയാഴ്ച രാത്രി തന്നെ കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ചയും പ്രതിഷേധം തടയാൻ നഗരത്തിൽ പൊലീസിന്റെ മുൻകരുതൽ എടുത്തിരുന്നു.
പരിക്കേറ്റ അൽത്താഫിനെ വിദഗ്ദ ചികിത്സക്കായി കോതമംഗലത്ത് നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി പി. രാജീവ്, ആന്റണി ജോൺ എം.എൽ.എ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കോളജ് പ്രിൻസിപ്പലും അധ്യാപകരും സഹപാഠികളും മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സ്വദേശമായ തൃശൂർ പുതുക്കാട് പാലാഴി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ വൈകീട്ട് നാലോടെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

