അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റാൻ നടപടി
text_fieldsകോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ വാവേലി കവല മുതൽ മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതി വേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് പ്രാഥമിക നടപടികൾ ആരംഭിച്ചു. ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വൈദ്യുതിവേലിയിൽനിന്ന് 30 മീ. ദൂരത്തിൽ നിൽക്കുന്ന മരങ്ങൾ അടയാളപ്പെടുത്തുകയാണ് പ്രാഥമിക നടപടി. ടെൻഡർ പൂർത്തീകരിച്ച് എത്രയുംവേഗം മരം മുറിച്ചുമാറ്റുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഏറെനാളായി വാവേലി നിവാസികളുടെ പ്രധാന ആവശ്യമായിരുന്നു 30 മീ. ദൂരത്തിൽ മരങ്ങൾ വെട്ടിമാറ്റുക എന്നത്. രാത്രി ഇതിലെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വന്യമൃഗങ്ങൾ അടുത്തുനിന്നാൽപോലും കാണാൻ സാധിച്ചിരുന്നില്ല. വൈദ്യുതി വേലിയിലേക്ക് മരങ്ങൾ തള്ളിയിട്ട് ആനകൾ ജനവാസമേഖലകളിലേക്ക് കടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ രാത്രി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു പതിവ്. മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ ഒരുപരിധിവരെ ആനകളെ പ്രതിരോധിക്കാമെന്നാണ് പ്രദേശവാസികളുടെ കണക്കുകൂട്ടൽ.