കോട്ടപ്പടിയിൽ മുറിവാലൻ കൊമ്പന്റെ ആക്രമണം; വീടിന്റെ ജനൽചില്ല് തകർത്തു, കൃഷി നശിപ്പിച്ചു
text_fields
ആന തകർത്ത ജനലുകൾ
കോതമംഗലം: കോട്ടപ്പടിയിൽ വീടിനു നേരേ മുറിവാലൻ കൊമ്പന്റെ ആക്രമണം. ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാർഷിക വിളകൾ നശിപ്പിച്ച ആന വീടിന്റെ ജനൽചില്ലുകൾ തകർത്തു. കോട്ടപ്പടി വാവേലിയിൽ ഞായറാഴ്ച വെളുപ്പിനു നാലു മണിയോടെ മുറിവാലൻ കൊമ്പൻ ജനവാസ മേഖലയിൽ എത്തിയത്.
അതിരമ്പുഴ പോളിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് ഉണർന്ന പോൾ മുൻവശത്തെ കതക് തുറന്നപ്പോഴേക്കും ആന സമീപത്ത് എത്തിയിരുന്നു. അക്രമാസക്തനായ കാട്ടുകൊമ്പൻ വീടിന്റെ ജനലിനു നേരെ പാഞ്ഞടുത്ത് ജനൽ പാളിയുടെ ചില്ലുകൾ കുത്തിപ്പൊട്ടിക്കുകയും തുമ്പിക്കൈ കൊണ്ട് ഭിത്തിയിൽ അടിക്കുകയും ചെയ്തു. തുമ്പിക്കൈയുടെ പാട് ഭിത്തിയിൽ പതിഞ്ഞു കിടപ്പുണ്ട്. വാഴകളും കവുങ്ങും ജാതിതൈകളും കച്ചോലവും നശിപ്പിച്ചു. സഹോദരന്റെ പുരയിടത്തിലെ കൃഷിയും ആന നശിപ്പിച്ചു. പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിൽ ഈ ആന മൂന്നാഴ്ച മുമ്പ് ഭീതി പടർത്തി നടന്നിരുന്നു.
ഫെൻസിങ് നശിപ്പിച്ചാണ് കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ആന എത്തുന്നത്. വൈദ്യുതി കമ്പിയിലേക്ക് കൂറ്റൻ പനമരങ്ങൾ മുറിച്ചിട്ട് ലൈനുകൾ തകർക്കുന്നതും പതിവാണ്. പടക്കം പൊട്ടിച്ചാൽപ്പോലും ഈ ആന പിന്തിരിയില്ലായെന്നതാണ് നാട്ടുകാരെയും വനപാലകരെയും കുഴപ്പിക്കുന്നത്. രാവും പകലും ജനവാസ മേഖലകളിൽ തമ്പടിക്കുന്ന കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

