കോതമംഗലം മണ്ഡലത്തിൽ ഹാങ്ങിങ് ഫെൻസിങ്ങിന് 2.5 കോടിയുടെ അനുമതി
text_fieldsകോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ, കവളങ്ങാട്, പിണ്ടിമന, കോട്ടപ്പടി, കീരംപാറ പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 2.5 കോടി രൂപ അനുമതിയായി. രാഷ്ട്രീയകൃഷി വികാസ് യോജന, ക്രോപ് ഹെൽത്ത് മാനേജ്മെന്റ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അനുമതിയായത്.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൂടിയ യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിലവിൽ നബാർഡ് സ്കീമിൽ ഉൾപ്പെടാത്ത പഞ്ചായത്തുകളായ കവളങ്ങാട് 18 കിലോമീറ്റർ, പിണ്ടിമന 11 കിലോമീറ്റർ, കുട്ടമ്പുഴ 80 കിലോമീറ്റർ, കീരംപാറ 14 കിലോമീറ്റർ എന്നീ ദൂരത്തിലാണ് ഹാങ്ങിങ് ഫെൻസിങ് നിർമിക്കുന്നത്. കോട്ടപ്പടിയിലും നീണ്ടപാറയിലും നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും വടാട്ടുപാറയിൽ ഏഴ് കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ അവസാനഘട്ടത്തിലാണെന്നും എം.എൽ.എ പറഞ്ഞു.

