ഭൂമിയും വീടുമില്ലാതെ കുന്നത്തുനാട്ടിൽ 1421 കുടുംബങ്ങൾ
text_fieldsകോലഞ്ചേരി: തലചായ്ക്കാനിടമില്ലാതെ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ വീടിനും സ്ഥലത്തിനുമായി കാത്തിരിക്കുന്നത് 1421 കുടുംബങ്ങൾ. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായാണ് ഇത്രയും കുടുംബങ്ങൾ ഭൂമിക്കും വീടിനുമായി കാത്തിരിക്കുന്നത്. ലൈഫ് ഭവനപദ്ധതി പ്രകാരം തദ്ദേശ വകുപ്പ് തയാറാക്കിയ കണക്കാണിത്. വാഴക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഭൂ-ഭവനരഹിതരുളളത്. ഇവിടെ 606 പേർ ലിസ്റ്റിലുണ്ട്. 202 പേരുളള മഴുവന്നൂർ പഞ്ചായത്തിനാണ് രണ്ടാമത്.
കഴിഞ്ഞ നാലര വർഷത്തിനിടെ നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് ഭവനപദ്ധതി പ്രകാരം 1228 വീടുകൾ അനുവദിച്ചു. ഇതില്‍ 959 ഗുണഭോക്താക്കള്‍ ഭവനനിർമാണം പൂര്‍ത്തീകരിച്ചതായും 269 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ആകെ 1842 ഭൂ-ഭവനരഹിതരുണ്ടായിരുന്നതിൽ 421 പേർക്ക് മാത്രമാണ് ഭൂമി ലഭ്യമായത്.
ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ എന്നിവ മുഖേനയും ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായും ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ ഭാഗമായും ഭൂമി ലഭ്യമാക്കി വരുന്നതായും അധികൃതർ പറയുന്നു.
പഞ്ചായത്തുകളിലെ ഭൂ-ഭവനരഹിതർ, ഭൂമി ലഭ്യമാക്കിയവർ ക്രമത്തിൽ
ഐക്കരനാട് 114 27
കുന്നത്തുനാട് 146 58
കിഴക്കമ്പലം 196 51
പൂതൃക്ക 119 32
തിരുവാണിയൂർ 135 33
വടവുകോട്-പുത്തൻകുരിശ് 213 109
വാഴക്കുളം 684 78
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

