സീറോ ബാബുവിന്റെ ഓർമകൾക്ക് മൂന്ന് വർഷം
text_fieldsസീറോ ബാബു
മട്ടാഞ്ചേരി: അഭിനയവും സംഗീതവും കൈമുതലാക്കി കലാലോകത്തെത്തിയ സീറോ ബാബു എന്ന കെ.ജെ. മുഹമ്മദ് ബാബു ഓർമയായിട്ട് മൂന്നുവർഷം. പി.ജെ. ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിൽ അഭിനയിച്ചുപാടിയ ‘ഓപൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാൻ ഒരു മോട്ടോർ കാർ...’ എന്ന പ്രശസ്തമായ പാട്ടാണ് മുഹമ്മദ് ബാബുവിനെ സീറോ ബാബു ആക്കി മാറ്റിയത്. സിനിമയിൽ ആദ്യമായി പാടിയത് കുടുംബിനി എന്ന ചിത്രത്തിനു വേണ്ടിയാണ്.
തുടർന്ന് സുബൈദ, അവൾ, ഇത്തിക്കരപ്പക്കി, വിസ, പോർട്ടർ കുഞ്ഞാലി, ഖദീജ, ചൂണ്ടക്കാരി, ഭൂമിയിലെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലും ഗാനം ആലപിച്ചു. കുറുക്കന്റെ കല്യാണം, മറക്കില്ലൊരിക്കലും എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനവും നിർവഹിച്ചു. മാടത്തരുവി കൊലക്കേസ്, തോമശ്ലീഹ, കാബൂളിവാല, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
കാർണിവൽ പോലുള്ള ഉത്സവ പരിപാടികളുടെ ഇടവേളകളിൽ പാടാനാണ് കലാരംഗത്ത് പിച്ചവെച്ച കാലത്ത് ആദ്യം ബാബുവിന് അവസരം കിട്ടിയത്. ഒരുദിവസം പാടിയാൽ അന്ന് അഞ്ചുരൂപ കൈയിൽ കിട്ടും. തമിഴ് സിനിമകളിലെ ഹരംകൊള്ളിക്കുന്ന ഗാനങ്ങളായിരുന്നു ബാബു വേദികളിൽ ആലപിച്ചിരുന്നത്. യുവാക്കളെ പാട്ടിലൂടെ ഹരം പകർന്ന് നൃത്തം ചെയ്യിക്കുന്ന രീതിയായിരുന്നു ബാബുവിന്റെ തുറുപ്പുചീട്ട്. മിമിക്രിയൊന്നും രൂപപ്പെടാത്ത കാലത്ത് സ്ത്രീശബ്ദത്തിൽ പാടിയും ബാബു വേദികളിലെത്തി.
ആവാര എന്ന ഹിന്ദി സിനിമയിൽ ലതാ മങ്കേഷ്കർ പാടിയ ആ ജാവോ തഡപ്തേ ഹേ അർമാൻ എന്ന ഹിറ്റ് ഗാനം അനവധി സ്റ്റേജുകളിൽ പാടി ബാബു കൈയടി നേടി. മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി വിപ്ലവഗാനങ്ങൾ പാടിയത് പൗരുഷം നിറഞ്ഞ ശബ്ദത്തിൽ ഇതേ ബാബു തന്നെ.
മൂന്നു പതിറ്റാണ്ട് നാടക, സിനിമ, സംഗീത, അഭിനയ ലോകത്ത് തന്റേതായ കഴിവുകൾ സമ്മാനിച്ച സീറോ ബാബുവിന് കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സീറോ ബാബുവിന് വീടുണ്ടാക്കി കൊടുക്കാൻ കലാരംഗത്തുള്ളവർ അരൂരിൽ സ്ഥലം വാങ്ങിയെങ്കിലും തുടർ നടപടികൾ മുന്നോട്ടുപോയില്ല.
ഭാര്യയും നാലു മക്കളുമാണ് ബാബുവിന്റെ സമ്പാദ്യം. മൂത്തകൾ സബിത ഫോർട്ട്കൊച്ചിയിലും സൂരജ്, സുൽഫി, ദീപ എന്നിവർ ചെന്നൈയിലുമാണ്. ഇവർ മൂവരും സംഗീതരംഗത്ത് അറിയപ്പെടുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

