മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsമട്ടാഞ്ചേരി: മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി ബന്ധുക്കളായ രണ്ട് യുവാക്കൾ ഫോർട്ട്കൊച്ചി പൊലീസിെൻറ പിടിയിലായി. കോതമംഗലം പനീപ്ര കോട്ടപ്പടിയിൽ കുറ്റിച്ചിറ വീട്ടിൽ മുഹമ്മദ് നിസാം (26), ബന്ധു ഫർസിൻ കരീം (26) എന്നിവരെയാണ് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ പി.കെ ദാസ്, എസ്.ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചി ഞാലിപ്പറമ്പിൽ ആഡംബര വാഹനത്തിൽ വരികയായിരുന്ന പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്ക് മരുന്ന് കണ്ടെത്തുന്നത്. 1.85 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്ന് പൊലീസ് പ്രതികളിൽനിന്ന് കണ്ടെടുത്തു. ഫോർട്ട്കൊച്ചിയിൽ ചില ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനവും ഉപയോഗവും നടന്ന് വരുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് ഇൻസ്പെക്ടർ പി.കെ. ദാസ്പറഞ്ഞു.
അഡീഷനൽ എസ്.ഐ മുകേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനീഷ്,ജുബീഷ്,എഡ്വിൻ റോസ്, റെജിമോൻ,ലിജോ ആൻറണി,അനീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

