എം.ഡി.എം.എ കേസിൽ യുവാവ് വീണ്ടും അറസ്റ്റിൽ
text_fieldsഅമൽ നായർ
കൊച്ചി: വിൽപനക്കെത്തിച്ച 14.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മുമ്പ് കൊറിയർ വഴി എം.ഡി.എം.എ എത്തിച്ച കേസിൽ പിടിയിലായ പനമ്പിള്ളി നഗര്‍ സ്വദേശി അമല്‍ നായരാണ് (പപ്പടവട അമൽ -38) എറണാകുളം സൗത്ത് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി രവിപുരം ശ്മശാനത്തിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വർഷം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ എം.ഡി.എം.എ കേസിലാണ് ഇയാൾ പിടിയിലായത്. ചേരാനല്ലൂരിലെ കൊറിയർ ഓഫിസിലേക്ക് വ്യാജ വിലാസത്തിൽ 18 ഗ്രാം എം.ഡി.എം.എ എത്തിച്ചിരുന്നു. ഇത് ഏറ്റുവാങ്ങാനെത്തിയ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൊറിയർ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പാർസൽ തുറന്നുനോക്കിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. എറണാകുളം സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

