ഇനി സൈലൻസർ മാറ്റിക്കൊടുക്കുമോ? ഒരുലക്ഷം രൂപ പിഴ അടക്കേണ്ടിവരും
text_fieldsമോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വർക്ഷോപ്പുകളിൽ പരിശോധന നടത്തിയപ്പോൾ
കാക്കനാട്: അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്ക് പുറമേ ഇതിന് സഹായിക്കുന്ന വർക്ഷോപ്പുകൾക്കെതിരെയും നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമയിൽനിന്ന് 5000 രൂപ ഈടാക്കുമ്പോൾ വർക്ഷോപ് അധികൃതരിൽനിന്ന് ഒരുലക്ഷം രൂപ ഈടാക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം എട്ട് വർക്ഷോപ്പുകളിലായിരുന്നു പരിശോധന. എറണാകുളം ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളുടെ ഷോറൂമുകളിൽ പ്രവർത്തിക്കുന്നത് ഉൾപ്പെടെയാണ് എട്ട് വർക്ഷോപ്പുകൾക്കെതിരെ നടപടി എടുത്തത്. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെ നൽകും.
അതിനുശേഷമാകും തുടർനടപടികളിലേക്ക് പോകുക. മൊബിലിറ്റി ഹബ്ബ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
2019ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പ്രകാരം വർക്ഷോപ്പുകളെ ഡീലർമാരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വകുപ്പ് മുതലെടുത്താണ് ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ സൈലൻസറുകൾ മാറ്റിവെച്ച വാഹനങ്ങളെയാണ് പിടികൂടുന്നത്. പരിശോധനകൾക്കിടയിൽ കൈകാണിച്ചാലും ഇത്തരക്കാർ നിർത്താതെപോകുന്നത് സ്ഥിരംസംഭവമാണ്. ഇത് പരിഗണിച്ച് പൊതു പാർക്കിങ്ങുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

