Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീതി വിതച്ച കാട്ടാനയെ പിടികൂടി; റേഡിയോ കോളർ ഘടിപ്പിച്ചു

text_fields
bookmark_border
ദൗത്യം നിർവഹിച്ചത് അമ്പതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം
ഭീതി വിതച്ച കാട്ടാനയെ പിടികൂടി; റേഡിയോ കോളർ ഘടിപ്പിച്ചു
cancel

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ ഒരു മാസത്തിലേറെയായി ഭീതി വിതച്ച ആനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച നടപടികൾ വൈകീട്ട് 4.45ഓടെ പൂർത്തിയാക്കി ആനയെ വനത്തിൽ തുറന്നുവിട്ടു. ആന ഇനി ജനവാസ മേഖലയിലേക്ക് കടക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും അടുത്ത നടപടികൾ.

രാവിലെ വടക്കുംഭാഗത്തു നിന്ന് ആരംഭിച്ച ദൗത്യം വൈകുന്നേരത്തോടെ വേട്ടാമ്പാറ കടുക്കാസിറ്റയില്‍ പൂര്‍ത്തീകരിച്ചത്. രാവിലെ എട്ടോടെ വടക്കുംഭാഗത്തുവച്ച് ആനയെ മയക്കുവെടിവെച്ചെങ്കിലും ഫലം കണ്ടില്ല. അവിടെ നിന്നും നീങ്ങിയ ആനയെ ദൗത്യസംഘം പിന്തുടരുകയായിരുന്നു.

കാട്ടിലൂടെ ഏകദേശം 20 കിലോമീറ്ററോളമാണ് വനപാലകർ ആനയെ കാൽനടയായി പിന്തുടർന്നത്. ഉച്ചക്ക് ഒന്നരയോടെ വേട്ടാമ്പാറയിലെത്തിയപ്പോഴാണ് അടുത്ത ഡോസ് നല്‍കാന്‍ കഴിഞ്ഞത്. മയങ്ങിയ ആനയുടെ കീഴ്ത്താടിയിലുള്ള പരിക്കിന് ചികിത്സ നൽകി. തുടർന്ന് മണ്ണ് മാന്തിയന്ത്രവും ക്രെയിൻ സ്ലിംഗും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ വനത്തിനുള്ളിലേക്ക് എത്തിച്ച് ആനയുടെ കാലുകൾ ബന്ധിക്കുകയും സുരക്ഷിതമായി നിർത്തി ‘ടെലിമെട്രി റേഡിയോ കോളർ’ ഘടിപ്പിക്കുകയും ചെയ്തു.

റേഡിയോ കോളർ ഘടിപ്പിച്ചതിലൂടെ ആനയുടെ സഞ്ചാരപഥം 24 മണിക്കൂറും നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്ക് വരുന്നത് തടയാനും സാധിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സ്ഥിരമായി ജനവാസ മേഖലകളിലിറങ്ങി വൻതോതിൽ കൃഷിനാശം വരുത്തുകയും പകൽ സമയങ്ങളിൽ പോലും സ്കൂൾ ബസ് ഉൾപ്പെടെ തടഞ്ഞ് ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പിന്റെ അടിയന്തര നടപടി. നേരത്തെ ആനയെ പിടികൂടാത്തതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

ഷിബു തെക്കുംപുറം എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിക്കുകയും വകുപ്പുമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ആനയെ മയക്കുവെടി വെക്കാനും ചികിത്സ നൽകാനും ഉത്തരവിടുകയായിരുന്നു. ഈ ആന പിടിയാനയാണെന്നു കരുതി ‘മലയാറ്റൂർ ഫീമെയിൽ 4’ എന്നാണ് വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ഇത് കൊമ്പില്ലാത്ത മോഴയാനയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആനയുടെ ഇടതു കീഴ്ത്താടിയിലുണ്ടായ ഗുരുതരമായ പരുക്കും വീക്കവും കാരണമാണ് ഇത് കാട്ടിലേക്ക് മടങ്ങാതെ ജനവാസ മേഖലകളിൽ തമ്പടിച്ചിരുന്നതും എളുപ്പത്തിൽ തിന്നാൻ ലഭിക്കുന്ന വാഴയും മറ്റ് കൃഷികളും തേടിയിറങ്ങിയതും.

കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസ്, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ദൗത്യം നിർവഹിച്ചത്. ഡീൻ കുര്യാക്കോസ് എം.പി, ഷിബു തെക്കുംപുറം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജ്, തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant caught for spreading fear; fitted with radio collar
Next Story