ഭയംനിറഞ്ഞ് ദിനരാത്രങ്ങൾ; നാട്ടിലിറങ്ങി കാട്ടാനകൾ
text_fieldsഅയ്യമ്പുഴ പ്ലാന്റേഷൻ കോർപറേഷനിൽ എണ്ണപ്പന കുത്തിമറിക്കുന്ന കാട്ടാനകൾ
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങാനും വഴിനടക്കാനും ഭയപ്പെടുന്നവരുണ്ട്. പിന്നാലെ ഓടിയെത്തിയേക്കാവുന്ന കാട്ടാനകളും വന്യമൃഗങ്ങളുമാണ് അവരുടെ ജീവന് ഭീഷണി. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ, തൊഴിലിടങ്ങളിലേക്ക് പോകുന്നവർ ഉൾപ്പെടെ എല്ലാവരും ഭയപ്പാടിലാണ്. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കൂട്ടത്തിൽ ആനകൾക്കുപുറമെ കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയുമുണ്ട്. കാടിറങ്ങുന്ന ഭീതി തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ ശാശ്വതപരിഹാരം വേണമെന്ന ആവശ്യമാണ് ഒരുകൂട്ടം ജനങ്ങൾ മുന്നോട്ടുവെക്കുന്നത്.
കൊച്ചി: കോതമംഗലം താലൂക്കിൽ കവളങ്ങാട്, പൈങ്ങോട്ടൂർ, കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി പഞ്ചായത്തുകളിൽ കൃഷിനാശം ഉൾപ്പെടെ വലിയ ഭീഷണിയാണ് കാട്ടാനകൾ ഉയർത്തുന്നത്. പൂയംകുട്ടി വനമേഖലകൾ അതിരിടുന്ന ആദിവാസി നഗറുകൾ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ 17 വാർഡുകളിലും ആനകളെത്തുകയാണ്.
കീരമ്പാറയിൽ ഒന്നുമുതൽ ഏഴുവരെ വാർഡുകളിലേക്ക് പെരിയാർ നീന്തിക്കടന്നാണ് കാട്ടാനകളെത്തുന്നത്. പിണ്ടിമനയിൽ വേട്ടാമ്പാറ, മാലിപ്പാറ, വെറ്റിലപ്പാറ, മുത്തംകുഴി വാർഡുകളിൽ ആനകൾ നിത്യസന്ദർശകരാണ്.
നേര്യമംഗലം, മുള്ളരിങ്ങാട് വനമേഖലകളോട് ചേർന്നുകിടക്കുന്ന കവളങ്ങാട് 7, 8, 10, 12, 13, 14 വാർഡുകളിലാണ് ആനകളെത്തുന്നത്. കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെ വാർഡുകൾ ഉൾപ്പെടുന്ന കണ്ണക്കട, മുട്ടത്തുപാറ, വടക്കുംഭാഗം, വാവേലി എന്നിവടങ്ങളിൽ ആനകൾ മനുഷ്യജീവന് പോലും ഭീഷണിയാകുന്നു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം പ്രദേശങ്ങളും ആനകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ആനകളെ ഭയന്ന് കൃഷിയും ഭൂമിയും ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചു.
പിണവൂർകുടി ചക്കനാനിക്കൽ സി.എം. പ്രകാശ്, കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര, കാട്ടാന മറിച്ചിട്ട പനമരം വീണ് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥിനി ആൻ മരിയ, ഉരുളൻതണ്ണി വലിയ കിണാച്ചേരിയിൽ കോടിയാട്ട് എൽദോസ്, മുള്ളരിങ്ങാട് അമൽത്തൊട്ടി അമർ ഇബ്രാഹിം, കോട്ടപ്പടി കണ്ണക്കട പാമ്പലായം കുഞ്ഞപ്പൻ തുടങ്ങിയവരുടെ ജീവനാണ് ഒന്നര വർഷത്തിനിടെ പൊലിഞ്ഞത്. പരിക്കേറ്റവരും നിരവധി.
വൈദ്യുതവേലി നിർമാണമൊക്കെ ഇഴയുകയാണ്. തൂക്കു വൈദ്യുതി വേലികൾപോലും തകർക്കപ്പെടുമ്പോൾ കിടങ്ങുകൾ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആർ.ആർ.ടികൾ വിവിധ പഞ്ചായത്തുകളിൽ ഉണ്ടെങ്കിലും നാട്ടുകാർ ഉറക്കമൊഴിച്ചാലേ ആനകളെ തുരത്താനാകൂ എന്നാണ് മുൻ കീരമ്പാറ പഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫ് പറയുന്നത്.
അയ്യമ്പുഴയിലും മലയാറ്റൂരിലും കാട്ടാനശല്യം രൂക്ഷം
അയ്യമ്പുഴയിലും മലയാറ്റൂരിലും വനപ്രദേശങ്ങളോട് അടുത്ത പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഇല്ലിത്തോട്, മുളങ്കുഴി, കണ്ണിമംഗലം, പാണ്ടുപാറ, കാലടി പ്ലാന്റേഷന് കോര്പറേഷന് കീഴിലെ എണ്ണപ്പന തോട്ടങ്ങള്‍, റബര്‍ തോട്ടങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടംമൂലം ജനം ഭീതിയിലാണ്. കല്ലാല എസ്റ്റേറ്റ് ഡിവിഷന്-ഡിയിലെ റബര്‍ പാല്പുരകള് പലതവണ കാട്ടാനകള്‍ നശിപ്പിച്ചു.
തൊഴിലാളികള്‍ക്ക് നേരെയുമുണ്ടായി ആക്രമണം. പുലര്‍ച്ച റബര്‍ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികൾക്കും വാഹനങ്ങൾക്കുമൊക്കെ ഭീഷണിയുണ്ട്. കല്ലാല എസ്റ്റേറ്റില്‍ എട്ടാം ബ്ലോക്കില്‍ ചിക്കംകുണ്ട് ഭാഗത്ത് റബര്‍ ടാപ്പിങ് നടത്തിയിരുന്ന തൊഴിലാളിയായ കല്ലിഞ്ഞത്തില് വീട്ടില്‍ കെ.ആര്. രാമചന്ദ്രന്, പ്ലാന്റേഷന് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് സാലി പോള്‍ എന്നിവർക്ക് നേരെയൊക്കെ കാട്ടാനകൾ ഓടിയടുത്തിരുന്നു.
തേക്കുംതോട്ടം പുന്നിലംവീട്ടില് പി.എസ്. സുനീഷിന്റെ വീടിന്റെ ഗേറ്റും മതിലും കൃഷിയും തകര്‍ത്തു. ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് നിരന്തരം കാട്ടാന ആക്രമണം. കടുകുളങ്ങര-പാണ്ടുപാറ റോഡ്, മറിയാമ്മ കയറ്റം, കടുകുളങ്ങര തുടങ്ങിയ ഭാഗങ്ങളില്‍ കുട്ടിയാനകള്‍ അടക്കമുള്ള കാട്ടാനക്കൂട്ടം റോഡില്‍ കയറി നിൽക്കുന്നത് പതിവാണ്. ഇത് കാണാതെ വന്ന ഇരുചക്രവാഹനത്തിലെത്തിയ വിദ്യാര്‍ഥിനികള്‍ വാഹനത്തിൽനിന്ന് വീണ സംഭവമുണ്ടായി.
പുലിശല്യവും ഇവിടെയുണ്ട്. കാലടി പ്ലാന്റേഷൻ പതിനാറാം ബ്ലോക്കില്‍ ജോലിക്കെത്തിയ തോട്ടം തൊഴിലാളി, റബര്‍ ടാപ്പിങ്ങിനെത്തിയ നാലംഗ സംഘം എന്നിവർക്കൊക്കെനേരെ കാട്ടാനകൾ ഓടിയടുത്തത് ഭീതിപ്പെടുത്തിയ സംഭവങ്ങളാണ്.
അമലാപുരം, അയ്യമ്പുഴ, മണപ്പാട്ട്ചിറ ഭാഗങ്ങളില്‍ പോകുന്ന റോഡുകളില്‍ കാട്ടാനശല്യം പതിവാണ്. ഭൂതത്താന്‍കെട്ട് സീറോ പോയന്റില്‍നിന്നും ഉള്‍വനത്തിലൂടെ 24 കിലോമീറ്ററോളം ദൂരത്തില്‍ നിര്‍മിച്ചിട്ടുള്ള ഇടമലയാര്‍ കനാലിന്റെ പല ഭാഗങ്ങളിലും ആനത്താരകള്‍ ഇല്ലാത്തതും വേണ്ടത്ര ഭക്ഷണം കിട്ടാത്തതുമാണ് ആനകള്‍ നാട്ടില്‍ ഇറങ്ങാന്‍ കാരണം.
രാപകൽ വ്യത്യാസമില്ലാതെ കാട്ടാന വിളയാട്ടം
വേങ്ങൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമാണ്. കൂവപ്പടി പഞ്ചായത്തിലെ കോടനാടിന്റെ സമീപ പ്രദേശങ്ങളിലും ശല്യം വ്യാപകമാണ്. ആദിവാസിനഗറായ പൊങ്ങന്ചുവട്ടിൽ കാട്ടാന ഇറങ്ങി കൃഷികള്‍ നശിപ്പിക്കുന്നതും വൈദ്യുതികാലുകള്‍ മറിച്ചിടുന്നതും നിത്യസംഭവമാണ്. പ്രദേശങ്ങളില്‍ കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. ഫെന്‍സിങ് ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇവയുടെ കടന്നുകയറ്റം. 2024ല്‍ പൊങ്ങന്‍ചുവട് കോളനില് വീടുകള്‍ നശിപ്പിച്ചു. വേങ്ങൂര്‍ പഞ്ചായത്തിന്റെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.
പൊങ്ങന്‍ചുവട് ആദിവാസി കോളനിയില്‍ പകലും രാത്രിയുമില്ലാതെയാണ് വിളയാട്ടം. 2016ല്‍ വേങ്ങൂര്‍ പഞ്ചായത്ത് മുന്‍ മെംബര്‍ ജോണ്‍ എബ്രഹാം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2023 ജൂണില്‍ പ്രഭാത സവാരിക്കിറങ്ങിയ അരുവാപ്പാറ കൊടകത്തൊട്ടി വീട്ടില്‍ കെ.വി. രാഘവന് ആക്രമണത്തില്‍ പരിക്കേറ്റു. 2023ല്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് പരിധിയിലെ നെടുമ്പാറ മുല്ലശ്ശേരി വീട്ടില്‍ തങ്കപ്പന്റെ പുരയിടത്തിലെ കിണറ്റില്‍ വീണ് ആന ചെരിഞ്ഞ സംഭവമുണ്ടായി. കാട്ടാനശല്യം നിയന്ത്രിക്കാന്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്നും കിടങ്ങുകള്‍ നിര്‍മിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
തയാറാക്കിയത്: യു.യു. മുഹമ്മദ്കുഞ്ഞ്, എൻ.എ. സുബൈർ, കെ.ആർ. സന്തോഷ് കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

