പാർട്ടി ഏതായാലും പാട്ട് റെഡി
text_fieldsതെരഞ്ഞെടുപ്പ് ഗാനങ്ങളുടെ റെക്കാഡിങിനിടെ ഗായകർക്ക്
നിർദേശം നൽകുന്ന അബ്ദുൽഖാദർ
കൊച്ചി: പാരഡി ഗാനങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അബ്ദുൽഖാദർ കാക്കനാട്. ഏത് പാർട്ടിക്കും ഏത്രീതിയിലുമുള്ള പാട്ടും ഇവിടെ റെഡിയാണ്. കാൽനൂറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാൻ സ്ഥാനാർഥികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ് അബ്ദുൽഖാദറിന്‍റെ പാരഡി ഗാനങ്ങൾ. 1997ലാണ് അദ്ദേഹം ഈ രംഗത്തേക്കുവരുന്നത്. പണ്ടുമുതലേ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പരിചയപ്പെടുത്താൻ സിനിമ പാട്ടിന്‍റെയോ കേട്ടുമറന്ന പഴയ നാടൻ പാട്ടിന്‍റെയോ ഈണങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കാറുണ്ട്.
പണ്ടുകാലത്ത് വാഹനപ്രചാരണത്തിന് വേണ്ടി മാത്രമാണ് പാരഡി ഗാനങ്ങൾ ഉപയോഗിച്ചിരുന്നത്. അക്കാലത്ത് അതല്ലാതെ മറ്റ് സാധ്യതകൾ ഇല്ലായിരുന്നുതാനും. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയയുഗത്തിൽ ഗാനങ്ങൾ എഴുതി ആലപിച്ച് വിഡിയോ പുറത്തിറക്കുന്നത് ട്രെൻഡായിരിക്കുകയാണ്. പെട്ടെന്ന് വോട്ടർമാരെ സ്വാധീനിക്കാനും ചിഹ്നവും സ്ഥാനാർഥിയുടെ പേരും വോട്ടർമാരുടെ മനസ്സിൽ ഉറപ്പിക്കാനുമുള്ള കഴിവ് പാരഡി ഗാനങ്ങൾക്കുണ്ടെന്ന് അബ്ദുൽഖാദർ പറയുന്നു.
മുമ്പൊക്കെ കാസറ്റ് രൂപത്തിലാണ് ഗാനങ്ങൾ പുറത്തിറക്കിയിരുന്നത്. സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ എത്രയും പെട്ടന്ന് പാട്ടുകൾ തയാറാക്കി കിട്ടാൻ സ്ഥാനാഥികൾ ധൃതി കൂട്ടാറുണ്ട്. പുതിയ ഗാനങ്ങൾക്കാണ് ഡിമാന്‍റ് കൂടുതലെങ്കിലും പഴയ ഗാനങ്ങളും സ്ഥാനാർഥികൾ ആവശ്യപ്പെടാറുണ്ട്. പുതിയ സൂപ്പർ ഹിറ്റ് സിനിമ ഗാനങ്ങളുടെ ഈണങ്ങൾക്കാണ് ഇത്തവണയും ഏറെ ഡിമാന്‍റ്.
ഓണം മൂഡ് (സാഹസം), മോണിക്ക (കൂലി), മിന്നൽ വള (നരി വേട്ട), അർമാദം (ആവേശം), കൊണ്ടാട്ടം (തുടരും), ഇല്ലുംമിനാറ്റി (ആവേശം), കിളിയേ കിളിയേ (ലോക) എന്നിവക്കും വേടന്‍റെ ഗാനങ്ങൾക്കും ആവശ്യക്കാരേറെ. കൂടെ പഴയ ഹിറ്റ് മാപ്പിളപ്പാട്ടുകളുടെയും, നാടൻ പാട്ടുകളുടെയും ഈണങ്ങൾക്കും നാടക ഗാനങ്ങളുടെ പാരഡിക്കും ഇക്കുറി ആവശ്യക്കാരുണ്ട്. വിമർശിച്ചുകൊണ്ട് ഗാനങ്ങൾ എഴുതുമ്പോൾ എതിർ പാർട്ടിക്കാർ മോശം കമന്‍റിടാറുണ്ട്. ഇത് തന്‍റെ തൊഴിലാണെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

