നഗരത്തിലെ വെള്ളക്കെട്ട്; പരിഹാര നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: 2018ലേത് പോലുള്ള വെള്ളക്കെട്ട് ദുരിതം ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. പേരണ്ടൂർ കനാലിലെ ചെളി നീക്കം ചെയ്യുന്നതിനടക്കം ക്ലീനിങ് കലണ്ടറും, ഡ്രെയിനേജ് മാപ്പും തയാറാക്കി ജില്ല കലക്ടറുടെ മേൽനോട്ടത്തിലുള്ള സമിതി തുടർ നടപടി സ്വീകരിക്കണം.
കനാലുകളിലെ ചെളി നീക്കം ചെയ്യുന്നതടക്കമുള്ള ജോലികൾ ഇറിഗേഷൻ വകുപ്പും കാനകളിലെ ചെളി നീക്കം ചെയ്യേണ്ട ജോലികൾ കോർപറേഷനും നിർവഹിക്കണം. 2018 മുതൽ കോടതിയുടെ പരിഗണനയിലുള്ള ഹരജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
കലക്ടർ സമിതിക്കും കൊച്ചി കോർപറേഷൻ, റെയിൽവേ, ഇറിഗേഷൻ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾക്കും കൃത്യമായ നിർദേശങ്ങൾ കോടതി നൽകി. നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞത് കോടതിയുടെ നിരന്തര ഇടപെടൽ മൂലമാണെന്നും ഉത്തരവിൽ വിലയിരുത്തി.
കോടതിയുടെ നിർദേശങ്ങൾ
1.റെയിൽവെ ലൈനുകൾക്ക് താഴെയുള്ള കൾവെർട്ടുകൾ പുനർ നിർമിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണം.
2. പേരണ്ടൂർ അടക്കം കനാലുകളിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ കോർപറേഷന്റെയും പൊലീസിന്റെയും ജാഗ്രത തുടരണം. മാലിന്യം നീക്കം ചെയ്യുന്നതിലടക്കം പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കണം.
3. ഡി.സി കമ്മിറ്റി കൃത്യമായ ഇടവേളകളിൽ യോഗം ചേരുകയും തീരുമാനങ്ങളെടുത്ത് കോടതിയെ അറിയിക്കണം.
4. മുല്ലശ്ശേരി കനാലിന്റെ നവീകരണം, റെയിൽവേ കൾവെർട്ടുകളുടെ നിർമാണ പൂർത്തീകരണം, കനാലുകളിലെയും കാനകളിലെയും ചെളി നീക്കം എന്നിവ ഉറപ്പുവരുത്തണം
5. മഴക്കാലത്തിന് മുമ്പ് പേരണ്ടൂർ കനാലിലെ ചെളി നീക്കം ചെയ്യണം.
6. കനാലിലേക്ക് കലൂർ കശാപ്പുശാലയിൽ നിന്ന് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം
കേസിൽ കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറിമാരുടെ സേവനം തുടരാൻ കോടതി നിർദേശിച്ചു. തുടർ നടപടിയുടെ കാര്യത്തിൽ കോടതിയുടെ മേൽനോട്ടം ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

