ജല മെട്രോ: 18 നഗരങ്ങൾക്ക് വഴികാട്ടാൻ കൊച്ചി
text_fieldsകൊച്ചി: മുംബൈ അടക്കം രാജ്യത്തെ 18 നഗരങ്ങളിൽ ജല മെട്രോ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ (കെ.എം.ആർ.എൽ) സാധ്യതാ പഠനം പുരോഗമിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതോടെ കൊച്ചിയിലെ ജല മെട്രോയുടെ വികസന പദ്ധതികളും വിവിധ ഘട്ടങ്ങളിലാണ്. കൊച്ചി ജല മെട്രോ മാതൃകയിൽ ജലഗതാഗത മാർഗങ്ങൾ ഒരുക്കാൻ പിന്തുണ തേടി വിവിധ സംസ്ഥാന സർക്കാരുകളും രാജ്യങ്ങളും കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുണ്ട്. പ്രവർത്തന മികവിന് ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള 12 പുരസ്കാരങ്ങൾ സ്വന്തമാക്കി ഇതിനകം കൊച്ചി ജല മെട്രോ ആഗോള ശ്രദ്ധയും നേടിക്കഴിഞ്ഞു.
പട്ടികയിൽ മുംബൈയും സൂറത്തും
കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊച്ചി ജല മെട്രോ മാതൃകയിൽ ജലഗതാഗത മാർഗങ്ങൾ വികസിപ്പിക്കാൻ സാധ്യതാ പഠനത്തിനായി ഇൻലാൻഡ് വാട്ടർ അതോറിറ്റി ഓഫ് ഇന്ത്യയാണ് കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുള്ളത്. കൂടാതെ, ദക്ഷിണേഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളും ജല മെട്രോ അടിസ്ഥാനമാക്കി ജലഗതാഗതം ആധുനികവത്കരിക്കാൻ സാധ്യത തേടിയിട്ടുണ്ട്. 800 മുതൽ 1300 കോടി രൂപ വരെ ചെലവ് വരുന്നതാണ് ഓരോ പദ്ധതിയും. പഠനം പുരോഗിക്കുകയാണെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
കേരളത്തിൽ കൊല്ലം, ആലപ്പുഴ നഗരങ്ങളിൽ ജല മെട്രോ നടപ്പാക്കാൻ കെ.എം.ആർ.എൽ സാധ്യതാ പഠനം നടത്തുന്നുണ്ട്. ഇതിന് പുറമെ മുംബൈ, അഹമ്മദാബാദ്, സൂറത്ത്, ഗുവാഹത്തി, ധുബ്രി, തേസ്പൂർ, പട്ന, പശ്ചിമ ബംഗാൾ, ശ്രീനഗർ, അയോധ്യ, പ്രയാഗ് രാജ്, വാരണാസി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഗോവ, മംഗലാപുരം എന്നിവിടങ്ങളിലേക്കും സാധ്യതാ പഠനം നടത്തുന്നു.
കൊച്ചിയുടെ പൈതൃക നഗരങ്ങളിലേക്കും
ജല മെട്രോ സർവീസ് തുടങ്ങിയ ശേഷം ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. മട്ടാഞ്ചേരി റൂട്ടിൽ ഇതിനകം മൂന്ന് ലക്ഷത്തിലധികം യാത്രക്കാർ ജല മെട്രോ ഉപയോഗിച്ചതായാണ് കണക്ക്. കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് തുടങ്ങിയ ടെർമിനലുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഈ റൂട്ടുകളിൽ ഡ്രഡ്ജിങിന് ടെൻഡൻ നപടികൾ പുരോഗമിക്കുന്നു. എറണാകുളം, തോപ്പുംപടി, ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകളുടെ നിർമാണത്തിന് ടെൻഡർ നടപടി സ്വീകരിച്ച് വരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. തനത് സാംസ്കാരിക പാരമ്പര്യവും ചരിത്ര പ്രാധാന്യവുമുള്ള പ്രദേശങ്ങളെ ജലമെട്രോ വഴി പരസ്പരം ബന്ധിപ്പിക്കുന്നത് അവയുടെ സമഗ്ര വികസനത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

