മരണക്കയങ്ങളായി ജലാശയങ്ങൾ; ജില്ലയിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നു
text_fieldsകൊച്ചി: ജലാശലങ്ങളിലെ മുങ്ങി മരണങ്ങൾ വീണ്ടും നാടിന്റെ ആശങ്കയാകുന്നു. വേനലവധിക്കാലമായതോടെ വിദ്യാർഥികളാണ് ഇത്തരം അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും. മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവിൽ ഞായറാഴ്ച വൈകീട്ട് ആറോടെ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. ഏതാനും ദിവസം മുമ്പാണ് കോതമംഗലം ചെറുവട്ടൂർ കാട്ടാംകുഴിയിൽ ബന്ധുവീട്ടിലെത്തിയ ആലുവയിൽ നിന്നുള്ള 17കാരി മുങ്ങിമരിച്ചത്. വൈപ്പിനിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചതും അടുത്തിടെയാണ്.
എറണാകുളം മുന്നിൽ
അഗ്നിരക്ഷാ സേനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുങ്ങി മരണം നടന്നത് എറണാകുളം ജില്ലയിലാണ്. 157 പേരാണ് 2025ൽ ജില്ലയിൽ മുങ്ങിമരിച്ചത്. എന്നാൽ, 2024ൽ ഇത് 18 മാത്രമായിരുന്നു. മുങ്ങിമരിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആകെ മുങ്ങി മരിച്ചവരുടെ എണ്ണം 821 ആണ്. മുങ്ങിമരിക്കുന്നവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. അവധിക്കാലത്ത് കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഉപേക്ഷിച്ച പാറമടകളിലെ വെള്ളക്കെട്ടും ആഴവും ഒഴുക്കിന്റെ ശക്തിയുമറിയാത്ത കുളിക്കടവുകളും തോടുകളും പലപ്പോഴും അപകടക്കെണികളായി മാറുന്നു. ജലാശയങ്ങളുടെ സ്വഭാവം മനസ്സിലക്കാതെ അമിത ആത്മവിശ്വാസത്തോടെ കുളിക്കാനും നീന്താനും ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്.
അപകടം ഒളിപ്പിച്ച് അപരിചിത സ്ഥലങ്ങൾ
ജലാശയങ്ങളിൽ മുങ്ങിമരിക്കുന്ന വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ വിരുന്നെത്തുന്നവരാണ്. സ്ഥല പരിചയമില്ലാത്തതാണ് ഇവിടെ വില്ലനാകുന്നത്. കണ്ടുപരിചയിച്ച ജലാശയങ്ങളുടേതിന് സമാനമായ സ്വഭാവമാകും എന്ന വിശ്വാസത്തിലാകും പുഴയും തോടുമടക്കം ജലാശയങ്ങളിൽ ഇവർ ഇറങ്ങുക. എന്നാൽ, പുറമെ കാണാത്ത ചുഴികളും ആഴങ്ങളും അടിയൊഴുക്കുകയും സാഹസികാഭ്യാസങ്ങളും അപകടങ്ങൾക്ക് ഇടയാക്കും. ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് നീന്താനിറങ്ങുന്നതും ജീവന് ഭീഷണിയാണ്.
അവധി ദിവസങ്ങളിൽ കുട്ടികൾ മതിയായ സുരക്ഷയില്ലാതെയും സമീപവാസികളുടെ മുന്നറിയിപ്പും നിർദേശങ്ങളും പാലിക്കാതെയും പുഴകളിലും തോടുകളിലുമൊക്കെ ഇറങ്ങുന്നത് അപകടത്തിലേക്ക് നയിക്കുന്നതായി അഗ്നിരക്ഷാ ജീവനക്കാരും രക്ഷാപ്രവർത്തകരും പറയുന്നു. ഇവരോടൊപ്പം പലപ്പോഴും പരിചയസമ്പന്നരായ ആരും ഉണ്ടാകാറില്ല. നീന്തലിന്റെ ബാലപാഠം മാത്രം അറിയാവുന്നവരും നീന്തൽ പഠനത്തിലൂടെ ലഭിച്ച അമിത ആത്മ വിശ്വാസം കൈമുതലായുള്ളവരും ജലാശയങ്ങളിലെ ദുരന്തങ്ങൾക്ക് ഇരകളാകുന്നു. ജലക്ഷാമം രൂക്ഷമാകുമ്പോൾ വസ്ത്രങ്ങൾ കഴുകുന്നതിനും വെള്ളം ശേഖരിക്കുന്നതിനും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പുഴകളെയും തോടുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ, ഇവിടങ്ങളിലൊന്നും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാറില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അധികൃതർ മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാത്തതും പ്രശ്നമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ആഴം കുറവാണെന്നത് കൊണ്ടുമാത്രം ജലാശയങ്ങൾ സുരക്ഷിതമാകണമെന്നില്ല. നീന്തൽ അറിയാത്തവർ കൂടെയുള്ളവർക്ക് അറിയാം എന്ന ആത്മവിശ്വാസത്തിൽ ഇറങ്ങരുത്.
- തിരക്കില്ലാത്ത ബീച്ചിലോ ആളുകള്‍ അധികം പോകാത്ത തടാകത്തിലോ പുഴയിലോ ഇറങ്ങാതിരിക്കുക.
- അപസ്മാരം, മസില് കയറൽ, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവർ വെള്ളത്തിലിറങ്ങുമ്പോൾ പ്രത്യേക കരുതൽ വേണം.
- ഫ്ലാറ്റിലെ സ്വിമ്മിങ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും മുതിര്‍ന്നവരുടെ അസാന്നിധ്യത്തിൽ കുട്ടികൾ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.
- ആഴം പ്രതീക്ഷിക്കുന്നതിനെക്കാൾ കുറവായിരിക്കാം. അതിനാൽ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. ചെളിയില്‍ പൂഴ്ന്നുപോകാൻ സാധ്യതയുണ്ട്.
- ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങാൻ ശ്രദ്ധിക്കുക. നേരം ഇരുട്ടിയശേഷം വെള്ളത്തില്‍ ഇറങ്ങരുത്.
- മദ്യപിച്ചും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചും ഒരിക്കലും ജലാശയങ്ങളിൽ ഇറങ്ങരുത്. അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാന്‍ തടസ്സമാകാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

