കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണം: അനിശ്ചിതാവസ്ഥയിൽ ഹൈകോടതിക്ക് അതൃപ്തി
text_fieldsകൊച്ചി: നഗരത്തിലെ മാലിന്യ സംസ്കരണ നടപടികളിൽ അനിശ്ചിതാവസ്ഥ തുടരുന്നതിൽ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചതിനെത്തുടർന്ന് സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.
ബ്രഹ്മപുരം പ്ലാന്റിന്റെ കാര്യത്തിൽ ഇനിയും വ്യക്തമായ തീരുമാനം എടുക്കാത്തതിലെ അതൃപ്തി തദ്ദേശ ഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയടക്കമുള്ളവരോടാണ് ഹൈകോടതി പ്രകടിപ്പിച്ചത്.
ബി.പി.സി.എൽ കമ്പനി സി.എസ്.ആർ ഫണ്ടുപയോഗിച്ച് സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഡീ. ചീഫ് സെക്രട്ടറി വിശദീകരിച്ചു. പദ്ധതിയുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമില്ലെങ്കിലും കൊച്ചിയിലെ ജനങ്ങൾ ബി.പി.സി.എൽ പദ്ധതിയുടെ ഷെഡ്യൂൾ അനുസരിച്ച് മുന്നോട്ടു പോകണമെന്ന് പറയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
മുമ്പ് ബ്രഹ്മപുരം മാത്രമാണ് മോശം അവസ്ഥയിലുണ്ടായിരുന്നത്. ഇപ്പോൾ നഗരത്തിൽ പലയിടങ്ങളും മോശം അവസ്ഥയിലാണ്. മഹാരാജാസ് ഗ്രൗണ്ട് ഡമ്പിങ് യാർഡാക്കി മാറ്റി. വെള്ളത്തിലും പാർക്കിലും ബീച്ചിലുമെല്ലാം മാലിന്യം വലിച്ചെറിയുന്നു. ഈ സ്ഥിതി തുടരാനാവില്ല. ബി.പി.സി.എൽ നടപ്പാക്കുന്ന പദ്ധതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ആകണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. നഗരം വൃത്തിയാക്കിയാലും മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണെന്ന് കോർപറേഷൻ സെക്രട്ടറി വിശദീകരിച്ചു. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് കോടതിയിൽ വ്യക്തമാക്കി.
മാലിന്യം വലിച്ചെറിയൽ: കേസുകളിതുവരെ:-
- സിറ്റിയിലെ കേസുകൾ - 938
- പിടിച്ചെടുത്ത വാഹനങ്ങൾ - 91
- റൂറൽ മേഖലയിലെ കേസുകൾ - 63
- പിടിച്ചെടുത്ത വാഹനങ്ങൾ - 9
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

