മൂന്നു വർഷത്തെ കാത്തിരിപ്പ്; പറവൂരിൽ പുതിയ സബ് ട്രഷറി നിർമാണത്തിന് അംഗീകാരം
text_fieldsപറവൂരിൽ നിർമിക്കുന്ന സബ് ട്രഷറിയുടെ മാതൃക
പറവൂർ: കാലപ്പഴക്കം മൂലം വീണുപോയ പറവൂരിലെ സബ് ട്രഷറിക്ക് അതേസ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിന് ആർക്കിടെക്ചറൽ ഡ്രോയിംഗിന് ട്രഷറി ഡയറക്ടറുടെ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുവാദം ട്രഷറി വകുപ്പിൽ നിന്നും ലഭ്യമാക്കി, ലേലം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പുതിയ ട്രഷറി നിർമിക്കുന്നത് മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം പൂർത്തിയാകും.
2023 ജൂലൈ 25ന് പുലർച്ചെയാണ് കാലപ്പഴക്കത്താൽ സബ് ട്രഷറി കെട്ടിടം തകർന്നു വീണത്. തുടർന്ന് നായരമ്പലം സബ് ട്രഷറിയിലേക്കും 2024 മാർച്ച് 11ന് പറവൂർ ടി.ബിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പറവൂർ ടി.ബിയിൽ വാടകക്ക് പ്രവർത്തിച്ചുവരികയാണ്. ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 2023 നവംബർ ഒന്നിന് കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ ബന്ധപ്പെട്ടവരുടെ യോഗം നിലവിലെ സ്ഥലത്തു തന്നെ ട്രഷറി നിർമിക്കാൻ തീരുമാനമെടുത്തു.
തുടർന്ന് ട്രഷറിക്കായി 19 സെൻറ് സ്ഥലം അളന്നുതിരിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് സീനിയർ ആർക്കിടെക്റ്റ് പുതിയ പ്ലാൻ തയാറാക്കി സമർപ്പിച്ചു. ട്രഷറി ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം മാറ്റങ്ങൾ വരുത്തിയുള്ള പുതിയ പ്ലാനാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ട്രഷറി ഓഫിസറുടെ കാബിൻ, ഹാൾ, കൗണ്ടറുകൾ, സെർവർ റൂം, സ്ട്രോങ് റൂം, റെക്കോഡ് റൂം, ജീവനക്കാർക്ക് വിശ്രമ റൂം എന്നിവയുണ്ടാകും. ഒന്നാം നിലയിൽ കമ്പ്യൂട്ടർ റൂമും ഹാളും ഡൈനിംഗ് ഹാളും ഉൾപ്പെടെ 242 സ്‌ക്വയർ മീറ്റർ ഉണ്ടാകും. ട്രഷറിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി സോളാർ പാനലുകൾ സ്ഥാപിക്കും.
നിർമാണം പൂർത്തിയാകുന്നതോടെ ശീതീകരിച്ച കേരളത്തിലെ ആദ്യത്തെ സബ് ട്രഷറിയിയായി മാറും. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകാൻ നിർദേശം നൽകിയതായും അത് ലഭ്യമായാൽ എത്രയും വേഗം ഭരണാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ സ്വീകരിച്ച് ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

