വൈപ്പിനിൽ കളിക്കളമില്ല; കുട്ടികൾ കിലോമീറ്ററുകൾ താണ്ടി എറണാകുളത്തേക്ക്
text_fieldsവൈപ്പിൻ: വൈപ്പിൻ ഉപജില്ല കായികമേള മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പുരോഗമിക്കുമ്പോൾ, മത്സരങ്ങളിൽ പങ്കെടുക്കാൻ സ്വന്തം നാട്ടിൽ കളിക്കളമില്ലാതെ കിലോമീറ്ററുകൾ താണ്ടി എറണാകുളത്തേക്ക് എത്തേണ്ട ദുരവസ്ഥയിലാണ് വൈപ്പിനിലെ കുട്ടികൾ. ൈപ്പിൻകരയിൽ മികച്ചൊരു കളിക്കളം ഇല്ലാത്തത് കുട്ടികളുടെ കായിക പുരോഗതിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കായിക പ്രേമികളും രക്ഷിതാക്കളും ആരോപിക്കുന്നു.
യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ കായികമേഖലയിലേക്ക് അവരെ തിരിച്ചുവിടേണ്ടത് അനിവാര്യമാണ്. തീരദേശ മേഖലകളിൽ നിന്നും നിരവധി കുട്ടികൾ കായികരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവസരങ്ങളുടെ കുറവ് വലിയ തിരിച്ചടിയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപായിട്ടും ഭൂരിപക്ഷം വിദ്യാർഥികൾക്കും നീന്തൽ പരിശീലനം ലഭ്യമല്ലാത്തതും വലിയ പോരായ്മയാണ്. ഒട്ടേറെ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല.
പായ്വഞ്ചി തുഴച്ചിൽ (സ്കിഫ്) മത്സരത്തിൽ പള്ളിപ്പുറം സ്വദേശി അടക്കം മലയാളി താരങ്ങൾ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത് വൈപ്പിൻകരയുടെ കായിക സാധ്യതകൾക്ക് മികച്ച ഉദാഹരണമാണ്. അർഹമായ പരിശീലനവും പിന്തുണയും നൽകിയാൽ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നതിന് ഈ നേട്ടങ്ങൾ തെളിവാണ്.
എടവനക്കാട് ഇല്ലത്തുപടി സംഘം ഗ്രൗണ്ട്, ഞാറക്കൽ ജയ്ഹിന്ദ് മൈതാനം, കൊച്ചമ്പലം ഗ്രൗണ്ട്, മാലിപ്പുറം മൈതാനം എന്നിവയെല്ലാം ഒരുകാലത്ത് കായികതാരങ്ങളെ കൊണ്ട് നിറഞ്ഞ സജീവമായ കളിയിടങ്ങളായിരുന്നു. എന്നാൽ, പലയിടത്തും അശാസ്ത്രീയ കെട്ടിട നിർമാണങ്ങൾ നടപ്പിലാക്കിയത് വിഘാതമായി. സ്വകാര്യ ടർഫുകൾ സാധാരണക്കാരായ കുടുംബങ്ങൾക്ക് അവ താങ്ങാനാകില്ല. ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുത്ത് വിദ്യാലയങ്ങളെയും കായിക പ്രതിഭകളെയും വിളിച്ചുചേർത്ത് ചർച്ചകൾ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പഞ്ചായത്തുകൾ താൽപ്പര്യമെടുത്ത് പൊതുസ്ഥലങ്ങൾ കണ്ടെത്തി കളിസ്ഥലങ്ങളായി പ്രഖ്യാപിക്കുകയും, വാർഡ് തലത്തിൽ കൊച്ചു കളിസ്ഥലങ്ങളും നീന്തൽ പരിശീലന കേന്ദ്രങ്ങളും നിർമിക്കുകയും വേണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

