സമകാലീന കലക്കൊപ്പം വിസ്മയവും കൗതുകവും ബിനാലെക്ക് ആവേശത്തോടെ സന്ദർശകർ
text_fieldsകൊച്ചി മുസ്രിസ് ബിനാലെ കാണാനെത്തിയവർ
കൊച്ചി: കൊച്ചി മുസ്രിസ് ബിനാലെ ആറാം ലക്കത്തിന് തിരശ്ശീല ഉയര്‍ന്ന ആദ്യ വാരത്തില്‍തന്നെ സന്ദര്‍ശകരില്‍നിന്നും സമകാലീന കലാaലോകത്ത് നിന്നും മികച്ച പ്രതികരണം. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ മുതൽ ഇന്ത്യൻ ആർട്ട് വിദ്യാർഥികളും കലാസ്വാദകരുമടക്കം ബിനാലെ വേദികളിലേക്ക് എത്തുന്നുണ്ട്.
ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ്, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് 22 ബിനാലെ വേദികള്‍. ഇന്‍വിറ്റേഷനുകള്‍, സ്റ്റുഡന്റ്സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ആര്‍ട്ട് റൂം, പ്രാദേശിക കലാകാരന്മാർക്കുള്ള ‘ഇടം’ എന്നിവ ഇതിലുൾപ്പെടും. ഏഴ് കൊളാറ്ററല്‍ വേദികളുമുണ്ട്. ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരി ജോൺ ജൂലിയാർഡ് ആദ്യമായാണ് കൊച്ചി ബിനാലെ സന്ദർശിക്കുന്നത്. ബിനാലെയുടെ വൈവിധ്യവും സംഘാടനവും അദ്ദേഹത്തെ ആകര്‍ഷിച്ചു.
പ്രദർശനത്തിലുള്ള സമകാലിക കലാരീതികളുടെ വൈവിധ്യവും ജോണ്‍ ചൂണ്ടിക്കാട്ടി. കർണാടകയിലെ ദാവൻഗെരെ യൂനിവേഴ്സിറ്റി കോളജ് ഓഫ് വിഷ്വൽ ആർട്സിലെ വിദ്യാർഥി രാഹുൽ കണ്ണൻ ആദ്യമായാണ് ബിനാലെ സന്ദർശിക്കുന്നത്. സ്റ്റുഡന്റ്സ് ബിനാലെ പോലുള്ള വേദികളിലൂടെ വിദ്യാർഥികൾക്ക് പുതിയ കലാചർച്ചകളെക്കുറിച്ച് അറിയാനും ഇടപെടാനും കഴിയുമെന്ന് കണ്ണന് പറഞ്ഞു. ബിനാലെയിലെ കലയെന്നത് അനുഭവത്തേക്കാളേറെ ഒരു ജീവിതരീതിയായി കണക്കാക്കാമെന്ന് ചെന്നൈ സ്വദേശിയും യു.എസില്‍ സ്ഥിരതാമസക്കാരനുമായ ആര്‍ട്ടിസ്റ്റ് സാമുവല്‍ ജയദേവ് പറഞ്ഞു. പ്രദര്‍ശനങ്ങള്‍ കാണുന്നതിന് ഓണ്‍ലൈനായും ബിനാലെ വേദികളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും വിദ്യാർഥികള്‍ക്കും 60 വയസ് പിന്നിട്ടവര്‍ക്കും 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 10 വയസ്സില്‍ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

