ജലമെട്രോ ടെർമിനലിൽ ‘വൈറസും കോസ്മോസും’
text_fieldsവൈപ്പിൻ ജലമെട്രോ ടെർമിനലിലെ ഇൻസ്റ്റലേഷൻ
ആർട്ടിന് സമീപം ബിന്ദി രാജഗോപാൽ
വൈപ്പിൻ: കോവിഡ് ലോകം മുഴുവൻ നിശ്ചലമാക്കിയ മൂന്നുവർഷം തന്റെ കലാസൃഷ്ടിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ആർട്ടിസ്റ്റ് ബിന്ദി രാജഗോപാൽ. കൊച്ചി-മുസ്രിസ് ബിനാലെയുടെ ഭാഗമായി കെ.എം.ആർ.എൽ സംഘടിപ്പിച്ച ‘ടെക്നോളജി ഈസ് ആർട്ട്’ എക്സിബിഷനിലാണ് വൈറസ്, കോസ്മോസ് എന്നീ പേരുകളിലുള്ള രണ്ട് പബ്ലിക് ഇൻസ്റ്റലേഷൻ ആർട്ട് പ്രദർശിപ്പിച്ചത്. വൈപ്പിൻ ജലമെട്രോ ടെർമിനലിന്റെ ഒന്നാം നിലയിലാണ് പ്രദർശനം.
കോവിഡ് വൈറസിനെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2021ൽ ‘വൈറസ്’ കലാസൃഷ്ടി ബിന്ദി ഒരുക്കിയത്. കോവിഡ് ഭീതിയൊഴിഞ്ഞ് ജീവിതം തിരിച്ചുപിടിച്ച സമൂഹത്തെയാണ് ‘കോസ്മോസ്’ എന്ന സൃഷ്ടിയിലൂടെ മുന്നോട്ടുവെക്കുന്നത്.
കലയിലൂടെയും സാങ്കേതികവിദ്യയിലൂടെയുമാണ് താൻ സമൂഹവുമായി സംവദിക്കുകയെന്ന് ബിന്ദി കൂട്ടിച്ചേർത്തു.
വൈപ്പിൻ ജലമെട്രോ ടെർമിനലിൽ എത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം കാണാം.

