അനധികൃത ഹോം സ്റ്റേകളും വാടക കെട്ടിടങ്ങളും പെരുകുന്നു
text_fieldsകൊച്ചി: ജില്ലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളും വാടക കെട്ടിടങ്ങളും അനുദിനം പെരുകുന്നു. വിദ്യാർഥികളും അന്തർ സംസ്ഥാന തൊഴിലാളികളുമാണ് ഇവിടങ്ങളിൽ ദുരിതങ്ങൾ സഹിച്ച് താമസിക്കാൻ നിർബന്ധിതരാകുന്നത്. ഇവയെ നിയന്ത്രിക്കാൻ വിനോദ സഞ്ചാര വകുപ്പോ, തദ്ദേശ സ്ഥാപനങ്ങളോ തയാറാകുന്നില്ല. നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ വ്യവസ്ഥാപിതമായ കരാറുകൾ ഇല്ലാതെയാണ് കെട്ടിട ഉടമകൾ ആൾക്കാരെ താമസിപ്പിക്കുന്നത്. യു.പി.ഐ മാർഗങ്ങളിലൂടെ വാടക നൽകുന്നത് മാത്രമാണ് കെട്ടിട ഉടമയും താമസക്കാരുമായുള്ള ഏക രേഖ. ഇത് സാമ്പത്തിക ഇടപാട് എന്ന ഗണത്തിൽ മാത്രം പെടുന്നതായതിനാൽ വാടക കെട്ടിട നിയമങ്ങൾ പാലിക്കുന്നതിൽ നിന്ന് കെട്ടിട ഉടമകൾ തടിതപ്പുന്നു. ഹോംസ്റ്റേകളിലും ആൾക്കാർ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ എന്ന പരിശോധനക്ക് തദ്ദേശ സ്ഥാപനങ്ങളോ, ടൂറിസം വകുപ്പോ തയാറാകുന്നില്ല. നിയമ പ്രകാരം പാലിക്കേണ്ട കാര്യങ്ങൾ ഒന്നുമില്ലാതെയാണ് ഹോം സ്റ്റേകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന നൂറ്കണക്കിന് ഹോംസ്റ്റേകളുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ തുടങ്ങിയ ഇടങ്ങളിൽ തന്നെ നിരവധി ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നു. കോർപ്പറേഷൻ പരിധിയിൽ തന്നെ ഇരുനൂറോളം ഹോംസ്റ്റേകളുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ വെബ് സൈറ്റിൽ കാണിക്കുന്നത് ജില്ലയിൽ അവരുടെ രജിസ്ട്രേഷനുള്ളവ 110 എണ്ണം മാത്രമാണെന്നാണ്. വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരമുള്ള ഹോം സ്റ്റേകൾക്ക് ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചാണ് ലൈസൻസ് നൽകുന്നത്. ഹോംസ്റ്റേ എന്ന പേരിൽ പ്രവർത്തിക്കുന്ന മറ്റുള്ളവ എല്ലാം അനധികൃതമാണ്. അവയിലെ താമസക്കാരിൽ ബഹു ഭൂരിഭാഗവും വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരുമാണ്. ആഹാരം, കുടിവെള്ളം, താമസ സൗകര്യം എന്നിവ ഇവിടങ്ങളിൽ ദയനീയ സ്ഥിതിയിലാണ്. ചോദ്യം ചെയ്താൽ ഗുണ്ടാ സംഘങ്ങളെപോലെയാണ് ഉടമകൾ പെരുമാറുന്നതെന്ന പരാതി വ്യാപകമാണ്.
പാലിക്കണം,
ഈ നിബന്ധനകൾ
ഹോംസ്റ്റേ നിയമപരമായി നടത്തുന്നതിന് കേരള ടൂറിസം വകുപ്പിന്റെ ഹോംസ്റ്റേ ക്ലാസിഫിക്കേഷൻ/രജിസ്ട്രേഷൻ നേടേണ്ടത് നിർബന്ധമാണ്. സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ച് ടൂറിസ്റ്റുകൾക്ക് മുറികൾ നൽകുന്നവർക്കാണ് ഇതിന് അർഹതയുള്ളത്. ഹോംസ്റ്റേയുടെ ഉടമസ്ഥനും കുടുംബവും ആ വീട്ടിൽ നിർബന്ധമായും താമസിക്കുന്നുണ്ടാവണം. വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ ഹോം സ്റ്റേ നടത്തുന്നതിന് അനുമതിയില്ല. താമസക്കാർക്കായി ചുരുങ്ങിയത് ഒരു മുറി മുതൽ പരമാവധി ആറ് മുറികൾ വരെ (പരമാവധി 12 അതിഥികൾ) നൽകാം. അതിഥികൾക്കുള്ള മുറിക്ക് കുറഞ്ഞത് 120 ചതുരശ്ര അടി വലിപ്പവും അനുബന്ധമായി 30 ചതുരശ്ര അടി വലിപ്പമുള്ള അറ്റാച്ച്ഡ് ബാത്റൂമും ഉണ്ടായിരിക്കണം. ഹോം സ്റ്റേ ലൈസൻസിന് അപേക്ഷിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ നിർബന്ധമാണ്.
വാടക കെട്ടിടങ്ങൾക്കും ചട്ടങ്ങളുണ്ട്
നിയമങ്ങളും പൊതുവായ വാടക കരാറുകളും അനുസരിച്ച് ഒരു കെട്ടിട ഉടമ തന്റെ വാടകക്കാരന് നിർബന്ധമായും ഉറപ്പാക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. തടസമില്ലാത്ത കുടിവെള്ള വിതരണവും വെള്ളം ശേഖരിച്ചു വെക്കാനുള്ള ടാങ്ക് സൗകര്യവും ഉറപ്പാക്കേണ്ടത് ഉടമയുടെ പ്രാഥമിക ചുമതലയാണ്. കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷനും ആവശ്യത്തിന് ലൈറ്റുകളും ഫാനുകളും ഘടിപ്പിക്കാനുള്ള പോയിന്റുകളും ഉണ്ടാകണം. വയറിംഗ് തകരാറുകൾ പോലുള്ള അപകടസാധ്യതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഉടമയുടെ ചുമതലയാണ്. വൃത്തിയുള്ളതും സ്വകാര്യതയുള്ളതുമായ ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം, കൃത്യമായി പൂട്ടാൻ കഴിയുന്ന പ്രധാന വാതിലുകളും ജനലുകളും ഗ്രില്ലുകളും, കെട്ടിടത്തിന് ചുറ്റും അത്യാവശ്യം സുരക്ഷ നൽകുന്ന അതിരുകളോ മതിലുകളോ എന്നിവ ഉണ്ടായിരിക്കണം.
വാടകക്കാരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ കെട്ടിട ഉടമക്ക് അനാവശ്യമായി ഇടപെടാൻ അവകാശമില്ല. അടുക്കള വേസ്റ്റും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കാനും അവ നീക്കം ചെയ്യാനുമുള്ള സൗകര്യം ഉറപ്പാക്കിയിരിക്കണം. കെട്ടിടത്തിന്റെ ഘടനപരമായ തകരാറുകൾ പരിഹരിക്കുക, ചോർച്ച മാറ്റുക, പുറംഭാഗം പെയിന്റ് ചെയ്യുക തുടങ്ങിയ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ഉടമയാണ്. വാടകക്കാരൻ താമസം തുടങ്ങുന്നതിന് മുൻപ് വീട് വൃത്തിയായും സുരക്ഷിതമായും കൈമാറണം.
പരാതി നൽകാം
വാടക കെട്ടിടങ്ങളിൽ വെള്ളം, വൈദ്യുതി, സുരക്ഷിതമായ ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാതിരിക്കുകയോ, അല്ലെങ്കിൽ ഉടമസ്ഥൻ ഇവ മനഃപൂർവം തടസപ്പെടുത്തുകയോ ചെയ്താൽ പരാതി നൽകേണ്ടതും നടപടിയെടുക്കേണ്ടതുമായ പ്രധാന അതോറിറ്റി റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ) ആണ്. 1965-ലെ കേരള ബിൽഡിങ്സ് (ലീസ് ആൻഡ് റെന്റ് കൺട്രോൾ) ആക്ട് അനുസരിച്ചാണ് ഇങ്ങനെയുള്ള വിഷയങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുന്നത്. പരാതി ബോധ്യപ്പെട്ടാൽ, വാടകക്കാരനെ കെട്ടിടത്തിൽ നിന്ന് ഒഴുപ്പിക്കാനോ വാടക കൂട്ടാനോ വേണ്ടിയാണ് ഉടമ ഇത് ചെയ്തതെന്ന് കണ്ടെത്തിയാൽ, അടിസ്ഥാന സൗകര്യങ്ങൾ ഉടനടി പുനഃസ്ഥാപിക്കാൻ ആർ.ഡി.ഒക്ക് ഉത്തരവിടാം. കെട്ടിടം സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

