Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയു.ഡി.എഫ് റിട്ടേൺസ്...

യു.ഡി.എഫ് റിട്ടേൺസ്...

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരിട്ട് നയിച്ചതും തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്നവുമായിരുന്ന കൊച്ചി കോർപറേഷൻ മികച്ച ഭൂരിപക്ഷത്തിൽ തിരിച്ചെടുത്ത് യു.ഡി.എഫ്. കഴിഞ്ഞ തവണ തലനാരിഴക്ക് നഷ്ടപ്പെട്ട കൊച്ചിയിൽ ഇത്തവണ തലയുയർത്തി തന്നെ യു.ഡി.എഫിന് ഭരിക്കാം. 74 ഡിവിഷനുകളിൽ 46 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.

പലരും ആശങ്കപ്പെട്ടിരുന്നതുപോലെ വിമതർക്ക് കാര്യമായ സ്വാധീനം പോലും സൃഷ്ടിക്കാനായില്ല. അതുകൊണ്ടുതന്നെ അവരുടെ വിലപേശലിനെയും ഇത്തവണ യു.ഡി.എഫിന് പേടിക്കേണ്ടതില്ല. എൽ.ഡി.എഫ് 20, എൻ.ഡി.എ-ആറ്, മറ്റുള്ളവർ-നാല് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജയം. സംസ്ഥാനത്തുടനീളമുണ്ടായ ഭരണവിരുദ്ധ വികാരം കൊച്ചിയിലും പ്രതിഫലിച്ചതോടെ യു.ഡി.എഫിന്‍റെ ആധിപത്യത്തിനാണ് കോർപറേഷൻ സാക്ഷ്യം വഹിച്ചത്.

ആത്മവിശ്വാസം വോട്ടായി

മുമ്പെങ്ങുമില്ലാത്തത്ര വികസനപ്രവർത്തനങ്ങൾ നടത്തിയെന്നവകാശപ്പട്ടാണ് നിലവിലെ ഭരണപക്ഷമായ എൽ.ഡി.എഫ് വോട്ടുതേടിയിരുന്നത്. ബ്രഹ്മപുരത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം, എറണാകുളം മാർക്കറ്റ്, പുതിയ കോർപറേഷൻ ആസ്ഥാനമന്ദിരം, സമൃദ്ധി ഭക്ഷണശാല തുടങ്ങിയവ ഇതിൽ ചിലതുമാത്രമായിരുന്നു. എന്നാൽ വികസന പ്രവർത്തനങ്ങളെല്ലാം യു.ഡി.എഫ് കാലത്തേതിന്‍റെ തുടർച്ചയാണെന്നും പുതുതായി ഒന്നുമില്ലെന്നും വാദിച്ചാണ് യു.ഡി.എഫ് പ്രതിരോധിച്ചത്.

ബ്രഹ്മപുരത്തെ അഴിമതി, ഒരു മഴ പെയ്താൽ വെള്ളക്കെട്ടിലാവുന്ന നഗരം, രൂക്ഷമായ തെരുവുനായ് ആക്രമണം തുടങ്ങിയ വിഷയങ്ങളായിരുന്നു യു.ഡി.എഫിന്‍റെ വജ്രായുധങ്ങൾ. ഇത്തവണ തങ്ങൾ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്‍റെ ആവർത്തിച്ചുള്ള അവകാശവാദം ശരിയാവുകയായിരുന്നു. പ്രതിപക്ഷ കക്ഷി നേതാവ് ആൻറണി കുരീത്തറയൊഴികെ നിലവിലെ മിക്ക കൗൺസിലർമാരും ജയിച്ചതും യു.ഡി.എഫിന്‍റെ തിളക്കം വർധിപ്പിച്ചു.

ഞാണിൻമേൽ കളി വേണ്ട

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ.ഡി.എഫിനും യു.ഡി.എഫിനും സീറ്റുകൾ ഇഞ്ചോടിഞ്ച് ആയിരുന്നെങ്കിലും അന്നുണ്ടായിരുന്ന സ്വതന്ത്രരെയും വിമതരെയും കൂട്ടിപ്പിടിച്ച് 38 സീറ്റുകളാക്കിയാണ് എൽ.ഡി.എഫ് ഭരണം ആരംഭിച്ചത്. യു.ഡി.എഫ്-31, ബി.ജെ.പി അഞ്ച് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഭരണകാലത്തെ കക്ഷിനില.

ചീറ്റിപ്പോയ വിമതനീക്കങ്ങൾ

യു.ഡി.എഫ് സ്ഥാനാർഥി നിർണയം കഴിഞ്ഞതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി പലരും വിമത സ്ഥാനാർഥികളായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് യു.ഡി.എഫിലെ ആർ.എസ്.പി അംഗം സുനിത ഡിക്സനും സ്ഥാനാർഥി നിർണയ വേളയിൽ കോൺഗ്രസിലെ ശാന്ത വിജയനും ബി.ജെ.പിയിലേക്ക് പോയതും ബാസ്റ്റിൻ ബാബു, മാലിനി കുറുപ്പ് തുടങ്ങിയ സിറ്റിങ് കൗൺസിലർമാരും യു.ഡി.എഫിലെ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർ, തൃക്കാക്കര മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്സ് തുടങ്ങിയവർ സീറ്റ് കിട്ടാതെ സ്വതന്ത്രരായതും യു.ഡി.എഫിന് തലവേദനയായിരുന്നു. എന്നാൽ ബാസ്റ്റിനു മാത്രമേ വിമതസ്ഥാനാർഥിയായി ജയിക്കാനായുള്ളു.

സുനിത, ശാന്ത, യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിൽ ചേക്കേറിയ ഷീബ ഡുറോം, കഴിഞ്ഞ തവണ യു.ഡി.എഫിൽ മത്സരിച്ച് ഇത്തവണ എൽ.ഡി.എഫിനൊപ്പം പോയ മേരി കലിസ്റ്റ പ്രകാശൻ, ലീഗിലെ ടി.കെ. അഷ്റഫിനെതിരെ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച ലീഗിന്‍റെ മുൻ നേതാവ് പി.എം.ഹാരിസ്, സി.പി.എമ്മിൽ നിന്നു പടിയിറങ്ങി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വി.പി. ചന്ദ്രനെതിരെ പോരാടിയ, കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ ഇടതു സ്ഥാനാർഥി എ.ബി. സാബു എന്നിവരും തോൽവിയറിഞ്ഞു. അഞ്ചിടങ്ങളിൽ സീറ്റുണ്ടായിരുന്ന എൻ.ഡി.എ ഇത്തവണ ഒരെണ്ണം വർധിപ്പിച്ച് ആറാക്കി. 56 സീറ്റുകളിൽ മത്സരിച്ച് ശക്തി തെളിയിക്കാനൊരുങ്ങിയ ട്വൻറി 20 കാറ്റുപോയ പട്ടം പോലെയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election resultsKochi CorparationKerala Local Body Election
News Summary - UDF returns...
Next Story