സർവം ബഹളമയം...തൃക്കാക്കരയിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ബഹളം
text_fieldsകാക്കനാട്: തൃക്കാക്കരയിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ബഹളം. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകീട്ട് ഉമ തോമസ് എം.എൽ.എ വിളിച്ച യോഗത്തിലാണ് പ്രതിഷേധമുണ്ടായത്.
യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള നഗരസഭയിലെ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം കൗൺസിലർമാർ വോട്ട് മാറ്റി ചെയ്തിരുന്നു. മത്സരിച്ച അഞ്ചിൽ നാല് യു.ഡി.എഫ് കൗൺസിലർമാരുടെയും തോൽവിക്കാണ് ഇത് വഴിവെച്ചത്. ഇക്കാര്യം ചർച്ച ചെയ്തപ്പോൾ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് എ ഗ്രൂപ് കൗൺസിലർമാരായ വി.ഡി. സുരേഷ്, സ്മിത സണ്ണി, രാധാമണി പിള്ള, ജോസ് കളത്തിൽ എന്നിവർ തങ്ങൾ വോട്ട് ചെയ്തില്ലെന്നാണ് പരസ്യമായി പറഞ്ഞത്. എ ഗ്രൂപ്പുകാരായ നഗരസഭ അധ്യക്ഷയും മറ്റ് കൗൺസിലർമാരും തങ്ങളെ ഒറ്റപ്പെടുത്തുവെന്നും തങ്ങളോട് കൂടിയാലോചിക്കാതെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നുമാണ് ഇവരുടെ വാദം. കോൺഗ്രസായി മത്സരിച്ച് ജയിച്ചിട്ട് പാർട്ടി പറയുന്നത് കേൾക്കാത്ത സമീപനം ശരിയല്ലെന്നും ഭിന്നിപ്പ് ഒഴിവാക്കി യോജിച്ച് പോയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഉമ തോമസ് എം.എൽ.എ പറഞ്ഞു. വിമത സ്വരം ഉയർത്തിയവർ തന്നെയാണ് നാമനിർദേശം നൽകിയവരെ പിന്താങ്ങിയതെന്നാണ് മറ്റ് കൗൺസിലർമാർ പറയുന്നത്.
നഗരസഭ സെക്രട്ടറിക്കെതിരെയും യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർന്നു. സെക്രട്ടറി വികസനങ്ങൾ ഒന്നും തന്നെ തുടങ്ങാൻ സഹകരിക്കുന്നില്ലെന്ന് കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാലയും ചട്ടങ്ങൾ പറഞ്ഞ് പദ്ധതികൾ നടത്താൻ സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് പൊതുമരാമത്ത് അധ്യക്ഷ സോമി റെജിയും പറഞ്ഞു. സെക്രട്ടറിയെ മാറ്റണമെന്നും ഇതിനായി കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യമുയർന്നു. അതേസമയം, ഒരു വിഭാഗം കൗൺസിലർമാർ ഇതിനെതിരെ രംഗത്തെത്തിയതാണ് വിവരം. ഏകപക്ഷീയമായി പ്രമേയം കൊണ്ടുവന്നാൽ കൗൺസിലിൽ വിയോജിപ്പ് രേഖപ്പെടുത്തുമെന്നാണ് ഇവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

