സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം; പറവൂരിൽ കിട്ടാനുള്ളത് 2200 പേർക്ക്
text_fieldsതട്ടിപ്പിനിരയായവർ പറവൂരിലെ ഓഫിസിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ
പറവൂർ: സ്ത്രീ ശാക്തീകരണ ഭാഗമായി ‘വുമൺ ഓൺ വീൽസ്’ പദ്ധതിയിൽ സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി വർഷം ഒന്നായിട്ടും വാഹനങ്ങൾ ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധം. നാഷനൽ എൻ.ജി.ഒ കോൺഫെഡറഷൻ സഹകരണത്തോടെ പറവൂരിലെ ജന സേവ സമിതി ട്രസ്റ്റ് മുഖേന പണം നൽകിയ 2200 സ്ത്രീകൾക്ക് ഇതുവരെ ഇരുചക്രവാഹനങ്ങൾ ലഭിച്ചിട്ടില്ല. ഒരു വർഷംമുമ്പ് പണമടച്ചവർ ഉൾപ്പെടെ നൂറു കണക്കിന് സ്ത്രീകളാണ് ഓഫിസിന് മുന്നിൽ തിങ്കളാഴ്ച തടിച്ചു കൂടിയത്.
വാഹനങ്ങളും ഗൃഹോപകരണങ്ങളും ലഭിക്കാത്തവർ തിങ്കളാഴ്ച പ്രതിഷേധവുമായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ട്രസ്റ്റ് ഓഫിസിൽ എത്തി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ പൊലീസിന്റെ സാന്നിധ്യത്തിൽ ട്രസ്റ്റ് ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷമാണ് പരാതിക്കാർ പിരിഞ്ഞുപോയത്. പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ പ്രധാനിയെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുചക്ര വാഹനങ്ങൾക്ക് പുറമേ ലാപ്ടോപ്, തയ്യൽ മെഷീൻ, മൊബൈൽ ഫോൺ, വാട്ടർ പ്യൂരിഫയർ തുടങ്ങിയവയും നൽകുന്ന പദ്ധതി പ്രമുഖ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. ബുക്ക് ചെയ്താൽ 100 ദിവസത്തിനുള്ളിൽ ഇരുചക്രവാഹനങ്ങൾ ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലാവധിക്കുള്ളിൽ പലർക്കും ലഭിച്ചില്ല.
കൂടുതൽ പേരിൽ നിന്ന് തുക വാങ്ങിയ ശേഷം കുറച്ചുപേർക്ക് മാത്രമേ വാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകിയിട്ടുള്ളൂവെന്നാണ് ആക്ഷേപം. ട്രസ്റ്റ് ചെയർമാൻ ഡോ.എൻ. മധു, കോഓഡിനേറ്റർ സി.ജി. മേരി, ഉപദേശക സമിതി അംഗം എസ്. രാജൻ എന്നിവരുമായാണ് പരാതിക്കാർ ചർച്ച നടത്തിയത്.
സംസ്ഥാനത്ത് 179 സെന്ററുകൾ വഴി നടപ്പാക്കിയ പദ്ധതിയാണിതെന്നും ജനങ്ങൾ തന്ന പണം നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ അക്കൗണ്ടിലേക്ക് അടച്ചെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്.
കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസ്
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ലാപ്ടോപ്പും നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്നിടങ്ങളിൽ കൂടി കേസ് രജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ട, പൊൻകുന്നം, കോതമംഗലം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായ അനന്തകൃഷ്ണന്റെ കൊച്ചിയിലെ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു.
ഈരാറ്റുപേട്ടയിൽ 800 പേരിൽ നിന്നാണ് പണം വാങ്ങിയതെന്നാണ് വിവരം. ജൂലൈയിലാണ് പണം വാങ്ങിയത്. എന്നാൽ, ഇതുവരെ വാഹനങ്ങൾ നൽകിയിട്ടില്ല. മൂവാറ്റുപുഴയിൽ 1250ഓളം പേരിൽ നിന്ന് പണം വാങ്ങിയതിൽ നൂറോളം പേർക്ക് വാഹനം നൽകിയിരുന്നു. കോതമംഗലത്ത് 200 പേർ പണം നൽകിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിനിടെ സ്ഥാപനത്തിന്റെ മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് തിങ്കളാഴ്ച അടച്ചുപൂട്ടി. ഓഫിസ് അടഞ്ഞുകിടക്കുകയാണെങ്കിലും പണം നഷ്ടമായ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. ഇതിനിടെ റിമാൻഡിൽ കഴിയുന്ന അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ്ച പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.