ഫോർട്ട്കൊച്ചിയിൽ ഇക്കുറി രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികൾ
text_fieldsഫോർട്ട്കൊച്ചി വെളി മൈതാനത്ത് ഉദ്ഘാടനം ചെയ്ത 55 അടി
ഉയരമുള്ള പപ്പാഞ്ഞി
ഫോർട്ട് കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇക്കുറി രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെ അഗ്നിക്കിരയാക്കും. ഗലാ ഡി. ഫോർട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിൽ 55 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെയാണ് വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.
സിനിമാ താരം ഷെയിൻ നിഗം പൂർത്തിയായ പപ്പാഞ്ഞിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അതേസമയം കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ പപ്പാഞ്ഞി നിർമാണം പരേഡ് മൈതാനിയിൽ ആരംഭിച്ചതേയുള്ളു. ഇവിടെ അമ്പതടി ഉയരത്തിലുള്ള മോഡൽ പപ്പാഞ്ഞിയാണ് ഒരുക്കുന്നത്.
കഴിഞ്ഞ തവണ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ നിര്യാണത്തെ തുടർന്ന് ദുഖാചരണത്തിന്‍റെ ഭാഗമായി പപ്പാഞ്ഞിയുടെ നിർമാണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഈ രണ്ട് പപ്പാഞ്ഞികൾക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ആകൃതിയിലുള്ള ഏതാണ്ട് നൂറോളം പപ്പാഞ്ഞികളെ ഒരുക്കുന്നുണ്ട്.
കൊച്ചു കുട്ടികൾ വരെ സംഘം ചേർന്ന് മിക്ക ഇടവഴികളിലും പപ്പാഞ്ഞിരൂപങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ 31ന് അർദ്ധരാത്രി തീയിടും. സന്ധ്യയായാൽ ഫോർട്ട് കൊച്ചിയിലേക്കുള്ള തിരക്കിന് ഒരു കുറവുമില്ല.
തിരക്ക് ഏറിയതോടെ നാട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്. ഞായറാഴ്ച ഒഴിവ് ദിനത്തിൽ അതീവ തിരക്കിൽ അകപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി അവസാന ഞായറാഴ്ച നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ബിനാലേയിലേക്കുള്ളവരുടെ വരവും കൂടിയാകുന്നതോടെ പകൽ സമയത്തും തിരക്കേറും. സന്ധ്യ കഴിഞ്ഞാലുള്ള തിരക്കാണ് നാട്ടുകാർക്ക് അസഹ്യമായിരിക്കുന്നത്. കർശനമായ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

