കിന്‍ഫ്ര പാര്‍ക്കുകളില്‍ രണ്ട് വന്‍ നിക്ഷേപ പദ്ധതികള്‍ ഒരുങ്ങി
text_fieldsകൊച്ചി: സംസ്ഥാനത്തിന്റെ ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് ബൃഹത് പദ്ധതികള്‍ ജില്ലയിലെ കിന്‍ഫ്ര പാര്‍ക്കുകളില്‍ പ്രവര്‍ത്തനസജ്ജമായി. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ വി- ഗാർഡ് ഇന്നൊവേഷൻ ക്യാംപസ് 10നും പെരുമ്പാവൂര്‍ കിൻഫ്ര ഇന്‍ഡസ്ട്രിയല്‍ പാർക്കില്‍ കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉല്പാദന യൂനിറ്റ് 11നും വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
കാക്കനാട് പാര്‍ക്കില്‍ മൂന്ന് ഏക്കറിൽ ഭൂഗർഭ നില ഉൾപ്പെടെ 11 നിലകളിലായി 1,10,338 ചതുരശ്ര അടി വിസ്തീർണത്തിലാണ് വി-ഗാര്‍ഡ് ഇന്നൊവേഷൻ ക്യാംപസിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമായത്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് മേഖലയിലെ പഠന ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയ ക്യാംപസിന്റെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. ഇവിടെ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക.
2021 ജനുവരിയിലാണ് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നൊവേഷന് ക്യാംപസ് സ്ഥാപിക്കാന്‍ വി-ഗാര്‍ഡിന് ഭൂമി അനുവദിച്ചത്. 2023 ഏപ്രിലില്‍ നിര്‍മാണം തുടങ്ങിയ പദ്ധതി രണ്ടരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടമായി 200 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു യൂനിറ്റിനുകൂടി പദ്ധതിയിട്ടിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ 600 പേർക്കുകൂടി ഇവിടെ തൊഴിൽ നൽകാനാകും.
പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കിലെ 28 ഏക്കര്‍ സ്ഥലത്ത് നിലവിലുണ്ടായിരുന്ന 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നവീകരിച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് (ഇ.എസ്ഡി.എം) കമ്പനിയായ കെയ്ൻസ് ടെക്നോളജീസ് ആദ്യഘട്ട ഉല്പാദന യൂനിറ്റ് തുറക്കുന്നത്. 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് ഇതിലൂടെ സാര്‍ഥകമാകുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കെയ്ന്‍സിന് ഭൂമി കൈമാറിയത്. നാലുമാസംകൊണ്ട് ആദ്യഘട്ടം സജ്ജമായി. രണ്ടാംഘട്ടമായി നിര്‍മിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ബീറ്റ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും 11ന് നടക്കും. തുടര്‍ന്ന് 80,000 ചതുരശ്ര അടി വരുന്ന ഗാമ, ഒരു ലക്ഷം ചതുരശ്ര അടി വരുന്ന ഡെല്‍റ്റ എന്നീ സമുച്ചയങ്ങള്‍കൂടി പദ്ധതിയുടെ ഭാഗമായി കെയ്ൻസ് നിര്‍മിക്കും.
350 കോടിയുടെ നിക്ഷേപവും വലിയതോതിലുള്ള തൊഴിലവസരങ്ങളുമാണ് പെരുമ്പാവൂരിലും പ്രതീക്ഷിക്കുന്നത്. വാഹനങ്ങൾ, റെയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപനചെയ്ത് നിർമിക്കുന്ന, മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍സിന് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉൽപാദന യൂനിറ്റുകളുള്ളത്. കേരളത്തിൽ കൊച്ചിയിൽ പ്രവര്‍ത്തിക്കുന്ന സർവിസ് സെന്റർ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.
കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ രണ്ട് സ്ഥാപനങ്ങളും നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്സ് രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം നൂതനസാങ്കേതിക ഉപകരണങ്ങളുടെ നിർമാണവും നൈപുണ്യ വികസനവും ഇവിടെത്തന്നെ സാധ്യമാകും. ഇലക്ട്രോണിക്സ് നിർമാണരംഗത്തെ വളർന്നുവരുന്ന നൂതന വ്യാവസായിക കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

