ലക്ഷദ്വീപിലെ കോവിഡ് ബാധിതന് നാവികസേന ആശുപത്രിയിൽ ചികിത്സ
text_fieldsലക്ഷദ്വീപിൽനിന്നുള്ള കോവിഡ് ബാധിതനെ ഐ.എൻ.എസ് ഗരുഡയിൽ ഹെലികോപ്ടറിൽ എത്തിച്ചശേഷം നാവികസേന ആശുപത്രിയിലേക്ക് മാറ്റുന്നു
കൊച്ചി: ലക്ഷദ്വീപിൽനിന്നുള്ള 75കാരനായ കോവിഡ് ബാധിതന് കൊച്ചിയിലെ നാവികസേന ആശുപത്രിയായ ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ ചികിത്സസൗകര്യം ഏർപ്പെടുത്തി ദക്ഷിണ നാവികസേന. കൽപേനി ദ്വീപിൽനിന്നുള്ള ഇയാളെ ലക്ഷദ്വീപ് ഭരണകൂടത്തിെൻറ കീഴിലുള്ള പവൻഹംസ് ഹെലികോപ്ടറിൽ എത്തിച്ചത് നാവികസേനയുടെ എയർസ്റ്റേഷനായ ഐ.എൻ.എസ് ഗരുഡയിലാണ്. ഉടൻ സഞ്ജീവനിയിലേക്ക് മാറ്റുകയും ലക്ഷദ്വീപിെൻറ പ്രത്യേക അഭ്യർഥനപ്രകാരം ചികിത്സ ഉറപ്പാക്കുകയുമായിരുന്നു. ഇയാളുടെ തുടയെല്ലിനും പൊട്ടലുണ്ട്. ലക്ഷദ്വീപിൽനിന്നുള്ള രോഗികൾക്കായി 10 കിടക്കകൾ ആശുപത്രിയിൽ മാറ്റിവെച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലക്ഷദ്വീപ് ഭരണകൂടത്തെ സഹായിക്കാൻ നാവികസേനയുടെ പ്രവർത്തനങ്ങൾ തുടരുകയാണ്. സേന വാടകക്കെടുത്ത എം.പി.വി മേഘ്ന കപ്പലിൽ കയറ്റി അയച്ച 13 ഓക്സിജൻ സിലിണ്ടർ ബുധനാഴ്ച ആന്ത്രോത്ത് ദ്വീപിൽ ഇറക്കി. ഇതിനുപിന്നാലെ 25 സിലിണ്ടർ കവരത്തി ദ്വീപിലിറക്കും.
അമിനി ദ്വീപിൽനിന്ന് ആറ് ഒഴിഞ്ഞ സിലിണ്ടർ കയറ്റിയായിരിക്കും കപ്പൽ തിരിച്ചെത്തുക. ലക്ഷദ്വീപിലെ നേവൽ ഓഫിസർ ഇൻചാർജിെൻറ മേൽനോട്ടത്തിൽ ആന്ത്രോത്തിലെ നേവൽ ഡിറ്റാച്മെൻറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

