വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡിൽ യാത്രാദുരിതം
text_fieldsപെരുമ്പാവൂര്‍: വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടണമെന്ന ആവശ്യമുയരുന്നു. നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ ഗ്രാമീണ റോഡുകളിലൊന്നാണിത്.
ദിവസേന നൂറുകണക്കിന് വലുതും ചെറുതുമായ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്, അധികൃതര്‍ ശ്രദ്ധിക്കാതെ പോകുകയാണെന്നാണ് ആക്ഷേപം. എം.സി റോഡിലെ വല്ലം ജങ്ഷനെയും ആലുവ- പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി റോഡിലെ കെ.എ.സ്.ഇ.ബി മുടിക്കല്‍ സബ്സ്റ്റേഷന് ജങ്ഷനെയും ബന്ധിപ്പിക്കുന്ന റോഡ് പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ബൈപാസാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രം, കാലടി, അങ്കമാലി, കോടനാട്, മലയാറ്റൂര്‍, ആലുവ മേഖലകളിലേക്കുള്ള എളുപ്പ പാത കൂടിയാണിത്.
വല്ലംകടവ് പാലത്തിലൂടെ കാഞ്ഞൂര്‍, തിരുവൈരാണിക്കുളം, കൊച്ചിന് വിമാനത്താവളം എന്നിവിടങ്ങളിലേക്കും എത്തിച്ചേരാന്‍, 2.75 കിലോമീറ്ററോളം ദൂരം മാത്രം വരുന്ന ഈ ഗ്രാമീണ റോഡ് വികസിപ്പിച്ചാല്‍ എളുപ്പമാകും. എം.സി റോഡിലെ വല്ലം ജങ്ഷന് മുതല്‍ റയോണ്‍സ് കമ്പനി പരിസരം വരെയുള്ള ഒരു കിലോമീറ്ററോളം റോഡ് പൊതുമരാമത്ത് വകുപ്പിന്റേതും, ഇവിടം മുതല്‍ സൗത്ത് വല്ലം ഗാന്ധിനഗര്‍ പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗം നഗരസഭയുടെയും, ഗാന്ധിനഗര്‍ പാലം മുതല്‍ മുടിക്കല്‍ സബ് സ്റ്റേഷന് ജങ്ഷന് വരെയുള്ള അര കിലോമീറ്ററോളം റോഡ് വാഴക്കുളം പഞ്ചായത്തിന്റെയും കീഴിലാണ്.
പഞ്ചായത്ത്- മുനിസിപ്പല്‍ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും കമ്പനി കോമ്പൗണ്ടിന്റെ ഒരു കിലോമീറ്റര്‍ ഭാഗം നഗരസഭയും ഏറ്റെടുത്താല്‍ റോഡിന് വീതികൂട്ടാന്‍ ആവശ്യമായ സ്ഥലമാകും. റയോണ്‍പുരം ഐ.എന്‍.ടി.യു.സി ജങ്ഷനിലെ '‘വി’ ആകൃതിയില്‍ ഉപയോഗശൂന്യമായ നിലയിലുള്ള കമ്പനി സ്ഥലം പ്രയോജനപ്പെടുത്തി വല്ലം, ഓള്‍ഡ് വല്ലം, സൗത്ത് വല്ലം റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനായി വികസിപ്പിച്ചെടുക്കുകയും വേണമെന്നാണ് ആവശ്യം.
ഗാന്ധിനഗര്‍ പാലം ജങ്ഷനില്‍ നിന്ന് കൊല്ലംകുടി പാലം- പാറപ്പുറം വഴി പെരുമ്പാവൂര്‍ ടൗണിലേക്ക് മറ്റൊരു പാതയും കടന്നുപോകുന്നുണ്ട്. ഇതുവഴി പെരുമ്പാവൂരില്‍ നിന്ന് പാറപ്പുറം, മുടിക്കല്‍ റോഡില്‍ പ്രവേശിച്ച് വല്ലം ജങ്ഷനിലും മുടിക്കല്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് ജങ്ഷനിലും എത്തിച്ചേരാനാകുംവിധം സംവിധാനം ഒരുക്കണമെന്നും സാമൂഹിക പ്രവര്‍ത്തകനായ എം.ബി. ഹംസ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.