ഗതാഗത നിയമലംഘനങ്ങൾ അറിയിക്കാൻ ‘ട്രാഫിക് ഐ’ പദ്ധതി
text_fieldsകൊച്ചി: ബസുകളുടെ അമിത വേഗതയടക്കം ഗതാഗത നിയമലംഘനങ്ങൾ അറിയിക്കാൻ ‘ട്രാഫിക് ഐ’ പദ്ധതി ആരംഭിച്ചതായി പൊലീസ് ഹൈകോടതിയിൽ അറിയിച്ചു. 6238100100 എന്ന നമ്പറിൽ ഗതാഗത നിയമ ലംഘനങ്ങൾ അറിയിക്കാം. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടികളെടുക്കും. എറണാകുളം നഗരത്തിൽ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും പൊലീസ് അസി. കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമിത വേഗത, ലൈൻ തെറ്റിച്ച് ഡ്രൈവിങ്, സുരക്ഷ കണക്കിലെടുക്കാതെ ബസുകൾ നിർത്തൽ തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് അഞ്ച് മുതൽ ഏഴുവരെ ഇത് സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തിയിരുന്നു. അമിത വേഗതയടക്കമുളളവയുടെ പേരിൽ 310 കേസുകളാണ് ഈ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത്.
ബസുകളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുക, കണ്ടക്ടറുടെയും ഡ്രൈവർമാരുടെയും പെരുമാറ്റം മെച്ചപ്പെടുത്തുക, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ സംബന്ധിച്ച് ചർച്ച ചെയ്യാൻ ബസ് ഉടമകളുടെ യോഗം വിളിച്ചിരുന്നു. മാത്രമല്ല, റോഡ് സുരക്ഷ ബോധവത്കരണ സന്ദേശങ്ങളടങ്ങിയ നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
കൊച്ചി സിറ്റി പരിധിയിൽ ജൂലൈയിൽ ഗതാഗത നിയമലംഘനത്തിന് 73,690 പെറ്റി കേസുകളെടുത്തിട്ടുണ്ട്. 70.32 ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹന ഹെൽമെറ്റുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

