നടക്കാവ്-തൃപ്പൂണിത്തുറ റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; എം.എൽ.എയും മന്ത്രിയും ഇടപെടണം
text_fieldsതൃപ്പൂണിത്തുറ: തിരക്കേറിയ നടക്കാവ്-തൃപ്പൂണിത്തുറ റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. പുത്തൻകാവ് മുതൽ വാഹനത്തിരക്ക് ഏറെയാണങ്കിലും നടക്കാവ് മുതലാണ് ഏറെ കുരുക്ക്. വിദ്യാലയങ്ങൾകൂടി തുറന്നതോടെ ഏറെ ബുദ്ധിമുട്ടിയാണ് ഈ റൂട്ടിലെ യാത്ര. പലപ്പോഴും വാഹനങ്ങൾ ഒരേദിശയിലേക്ക് രണ്ടുവരിയായാണ് നീങ്ങുന്നത്. ഇത് എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു.
കോട്ടയം, വൈക്കം, പാലാ ഭാഗങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ റോഡിൽ ഇഴഞ്ഞുനീങ്ങേണ്ടി വരുന്നതോടെ സമയക്രമവും തെറ്റുകയാണ്. രാവിലെയും വൈകീട്ടുമാണ് കുരുക്ക് ഏറുന്നത്. പൂത്തോട്ട ഭാഗത്തുനിന്ന് വൈറ്റില ഭാഗത്തേക്കുവരുന്ന ബസുകൾ രാവിലെ അരമണിക്കൂറോളം വൈകിയാണ് വൈറ്റിലയിലെത്തുന്നതെന്ന് യാത്രക്കാർ പറയുന്നു. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് പോകുന്ന ദിശയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
എസ്.എൻ ജങ്ഷൻ-പൂത്തോട്ട റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നാലുവരിയാക്കി വികസിപ്പിക്കുന്നതിന് ആലോചനകളും ചർച്ചകളും ഏറെ നടന്നതാണ്. ഇതുസംബന്ധിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങളും നടന്നിരുന്നു. പക്ഷേ, ഇതിനുള്ള പ്രധാന ആലോചന യോഗം ചേർന്ന് നാലുവർഷമായിട്ടും പദ്ധതി യാഥാർഥ്യമായിട്ടില്ല. എസ്.എൻ ജങ്ഷൻ മുതൽ പുത്തൻകാവ് വരെയാണ് ആദ്യഘട്ട വികസനം പ്രഖ്യാപിച്ചിരുന്നത്.
വാഹനബാഹുല്യം നിമിത്തം പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. മഴകൂടി പെയ്യുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ആവശ്യങ്ങൾക്ക് പോകുന്നതിനും തിരികെ വീട്ടിലുമെത്താൻ മണിക്കൂറുകൾ കുരുക്കിൽ വലയണം. റോഡ് വികസനവും എത്രയും വേഗം നടപ്പാക്കണമെന്ന് ഈ റൂട്ടിലെ പതിവുയാത്രക്കാർ ആവശ്യപ്പെട്ടു. നാലുവരിപ്പാതയെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കാൻ സ്ഥലം എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയും ഇടപെടണമെന്നാണ് ആവശ്യവും ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.