ചീഞ്ഞഴുകി ജൈവമാലിന്യം; തൃക്കാക്കരയിൽ മൂക്ക് പൊത്തി ജനം
text_fieldsതൃക്കാക്കര നഗരസഭ മാലിന്യ യാർഡിലെ മാലിന്യക്കൂമ്പാരം
കാക്കനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യൂ വരുമാനമുള്ള തൃക്കാക്കര നഗരസഭയിൽ സമയബന്ധിതമായി മാലിന്യ നീക്കം നടക്കുന്നില്ല. 48 ഡിവിഷനുകളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ വണ്ടികളിലെത്തിച്ച് നഗരസഭ മന്ദിരത്തോട് ചേർന്നുള്ള സ്ഥലത്താണ് പതിവായി സംഭരിക്കുന്നത്. ഇവിടെ നിന്ന് ഇത് നീക്കം ചെയ്യാതായതോടെ പ്ലാസ്റ്റിക് ചാക്കുകളിലും പൊളിത്തിൻ ബാഗുകളിലുമായി നിറച്ച മാലിന്യം മഴയിൽ ചീഞ്ഞഴുകി പരിസരമാകെ തളം കെട്ടിക്കിടക്കുകയാണ്.
ജൈവ മാലിന്യവും പ്ലാസ്റ്റിക്കും വേർതിരിച്ച് സംസ്കരിക്കാൻ 46 സെന്റ് സർക്കാർ ഭൂമി നഗരസഭക്ക് ലഭിച്ചിട്ടും മാലിന്യ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. പ്ലാന്റിനായുള്ള ഡി.പി.ആർ പാസായിട്ടും സാങ്കേതികത്വം പറഞ്ഞ് ബന്ധപ്പെട്ടവർ പദ്ധതി നടപ്പാക്കുന്നില്ലെന്ന് മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊടിച്ച് തരികളാക്കി ടാറിങ് മിശ്രിതത്തിൽ കലർത്തി തൃക്കാക്കര സിവിൽലൈൻ റോഡ് ടാർ ചെയ്ത ചരിത്രം നഗരസഭക്കുണ്ടെങ്കിലും പിന്നീട് പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു. 25 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മെഷീനറികളും കാണാനില്ല. 18 ലക്ഷം രൂപ മുടക്കി ഷ്രഡിങ് യൂണിറ്റ് ഇപ്പോൾ നായക്കൂടുകളാക്കി മാറ്റിയിരിക്കുകയാണ്. വീടുകളിൽ നിന്നുള്ള ജൈവ മാലിന്യ ങ്ങൾക്കുപുറമെ, ഹോട്ടലുകൾ, കല്യാണ മണ്ഡപങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്നുളള ജൈവ മാലിന്യങ്ങളും അനുമതിയില്ലാതെ ഹരിതകർമസേന ശേഖരിക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

