തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡ്; ഇടിഞ്ഞെത്തുമോ ദുരന്തം?
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. കെട്ടിടം അപകടത്തിലാണെന്ന ഓഡിറ്റ് റിപ്പോർട്ട് വന്ന് പത്ത് വർഷം പിന്നിട്ടിട്ടും ഇപ്പോഴും 17 ഓളം ഷോപ്പുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
ഓഡിറ്റ് റിപ്പോർട്ടുകൾ അവഗണിച്ച് ഇതേ കെട്ടിടത്തിലെ കടകൾക്കും മറ്റും അധികൃതർ ലൈസൻസ് പുതുക്കി നൽകുകയാണ്. നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നത്.
കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്ന് നാലുപേർ മരിക്കാനിടയായ സംഭവത്തിനു പിന്നാലെയാണ് തൃക്കാക്കര നഗരസഭക്ക് കീഴിലെ 45 വർഷത്തോളം പഴക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടം വീണ്ടും ചർച്ചയാവുന്നത്.
മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നുണ്ട്. പില്ലറുകളിൽ സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം. സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭയായ തൃക്കാക്കരയിലാണ് ജീവാപായ ഭീഷണിയുമായി ഈ ദുർബലമന്ദിരം നിലകൊള്ളുന്നത്.
കോടികൾ മുടക്കി ഇടയ്ക്കിടെ നവീകരിക്കുന്ന നഗരസഭ മന്ദിരത്തോട് ചേർന്ന കെട്ടിടത്തിന്റെ ദുരവസ്ഥ മനസിലാക്കാൻ ഭരണക്കാർക്കോ ഉദ്യോഗസ്ഥർക്കോ നേരമില്ലെന്നാണ് യാത്രക്കാരുടെ പരാതി. 45 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ചതാണ് കെട്ടിടം.
ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു. വരും നാളുകളിൽ പഴയ കെട്ടിടം നീക്കം ചെയ്ത് പുതിയ കെട്ടിട നിർമാണത്തിന് തുടക്കം കുറിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

