ട്രെയിൻ യാത്രികനെ ആക്രമിച്ച് ഫോണും പഴ്സും കവർന്ന മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsവിപിൻ നിതിൻ നോബിൾ
കൊച്ചി: ട്രെയിൻ യാത്രികനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി അരലക്ഷം രൂപയുടെ മൊബൈൽ ഫോണും പഴ്സും കൈക്കലാക്കുകയും ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗാന്ധിനഗർ പി.ആൻഡ്.ടി കോളനി ഹൗസ് നമ്പർ 35ൽ വിബിൻ (21), തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ വിദ്യാഭവനിൽ നിതിൻ (21), തിരുവനന്തപുരം പൊഴിയൂർ ഫിഷർമെൻ കോളനിയിൽ നോബിൾ (21) എന്നിവരാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്.
കൊച്ചി കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പാലക്കാട് സ്വദേശിയായ യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൈയിലുള്ളവ കവർന്നെടുക്കുകയായിരുന്നു. സംഭവ ശേഷം ബംഗളൂരുവിലേക്ക് രക്ഷപ്പെടാനായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികളെ കടവന്ത്ര സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസി. സബ് ഇൻസ്പെക്ടർമാരായ സനീഷ്, ദിലീപ്, എസ്.സി.പി.ഒമാരായ രതീഷ്, അനിൽകുമാർ, ബിബിൻ സി. ഗോപാൽ, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി പിടികൂടിയത്.
മൊബൈൽ ഫോണിന്റെ സങ്കീർണമായ ലോക്ക് തിരുവനന്തപുരത്തുള്ള ഐ.ടി വിദഗ്ധരായ സഹപ്രതികളുടെ സഹായത്തോടെ തകർത്ത് എറണാകുളം പെൻറ മേനകയിലെ കടയിൽ വിൽപന നടത്തുകയായിരുന്നു സംഘം. സൈബർ സെല്ലിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പ്രതികൾ കൊച്ചി നഗരത്തിൽ നിരവധി കവർച്ച, മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

