വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണി; എന്ത് ചെയ്യുമെന്നറിയാതെ ഏഴ് പട്ടികജാതി കുടുംബങ്ങൾ
text_fieldsമലയിടം തുരുത്ത് നടക്കാവ് പര്യത്ത് കോളനി
കിഴക്കമ്പലം: രണ്ട് വർഷത്തിന് ശേഷം വീണ്ടും മലയിടം തുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബർ ഏഴിന് താലൂക്ക് സർവയർ ഉൾപ്പെടെ എത്തിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.
പിന്നീട് 14 തവണ ഭൂമി അളന്ന് തിരിക്കുന്നതിനും വീടുകൾ പൊളിപ്പിക്കുന്നതിനും മറ്റും അഡ്വ. കമീഷൻ എത്തിയിരുന്നങ്കിലും പലപ്പോഴും പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. അന്നത്തെ എം.എൽ.എ ഉൾപ്പെടെ സമരത്തിൽ സജീവമായിരുന്നു. അവസാനമായി എത്തിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. അഡ്വ. കമീഷൻ വീണ്ടും ബുധനാഴ്ച എത്തുമെന്ന് ഏഴ് കുടുംബങ്ങളെയും അറിയിച്ചിട്ടുണ്ട്. തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തും. പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
നേരത്തെ കമീഷനെ തടഞ്ഞതിന് ഉൾപ്പെടെ 48 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അവരെ മുൻ കരുതൽ അറസ്റ്റ് ചെയ്യാനോ സമര സ്ഥലത്ത് എത്തുന്നവരെ അറസ്‌റ്റ് ചെയ്യാനും പൊലീസ് നീക്കമുണ്ട്. വർഷങ്ങളായി ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ എങ്ങോട്ട് പോകുമെന്ന ചോദ്യം ബാക്കിയാണ്. വീടുകൾ പൊളിച്ച് ഇവരെ കുടിയിറക്കുമെന്ന് പറയുമ്പോഴും ഇവരുടെ പുനരധിവാസത്തെ കുറിച്ച് മൗനമാണ്. പുതിയ സർക്കാർ ഇവരുടെ പുനരധിവാസം നടപ്പാക്കുമോ തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ.
പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കം
ദശാബ്ദങ്ങള്‍ക്കു മുമ്പ് തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് മലയിടംതുരുത്ത് പര്യത്ത് കോളനിയിലെ ഏഴ് പട്ടികജാതി കുടുംബങ്ങള്‍. 58 വര്‍ഷം മുമ്പ് കാളുകുറുമ്പന്‍ എന്നയാൾ അന്യായമായി കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടം തുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തി. പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടെങ്കിലും വിധി പട്ടികജാതി കുടുംബങ്ങൾക്ക് എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.
തങ്ങളുടെ മുത്തച്ഛനായിട്ട് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മകന്‍ ചോതി (78) പറയുന്നു. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പാണ് 80 വയസോളം പ്രായമുണ്ടായിരുന്ന തങ്ങളുടെ അച്ഛന്‍ മരിച്ചത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് തങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി തന്റെ പൂര്‍വികരുടേതാണെന്ന് വാദിച്ച് കണ്ണോത്ത് ശങ്കരന്‍ നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്. പിന്നീട് തന്റെ അച്ഛനും നിലനില്‍പ്പിനായി നിയമനടപടികളുമായി മുന്നോട്ട് പോയി. ഇതിനിടെ ശങ്കരന്‍ നായരും മരണപ്പെട്ടു. പിന്നീട് ശങ്കരന്‍ നായരുടെ പെണ്‍മക്കളുടെ മക്കളാണ് ഈ കേസ് ഏറ്റെടുത്ത് നടത്തിയത് എന്ന് കോളനി നിവാസികൾ പറഞ്ഞു.
സാമ്പത്തികമായി ഏറെ പിന്നാക്കമായ തന്റെ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും ചോതി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ കാലത്തു പോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഇനിയെന്തും ചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. ജനിച്ച മണ്ണില്‍ നിന്ന് തങ്ങളെ ആട്ടിപ്പായിച്ചാല്‍ ഇനി ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് ഇവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

