കൊച്ചിക്കാരുടെ ദുരിതം കൂട്ടി തോപ്പുംപടി ഹാർബർപാലം അടച്ചു
text_fieldsമട്ടാഞ്ചേരി: കുടിനീരിനായി നെട്ടോട്ടമോടുന്ന കൊച്ചി നിവാസികളെ കൂടുതൽ ദുരിതത്തിലാക്കി ഗതാഗതക്കുരുക്കും. തോപ്പുംപടി ഹാർബർപാലം അപ്രോച്ച് റോഡിന്‍റെ പുനർ നിർമാണത്തിനായി അടച്ചതാണ് തോപ്പുംപടിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്. വ്യാഴാഴ്ച രാവിലെ മുതൽ പാലം അടച്ചിരിക്കുകയാണ്. എന്നാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാതൊരു ക്രമീകരണങ്ങളും ഏർപ്പെടുത്താതെയാണ് അധികൃതർ പാലം അടച്ചത്.
ജനസാന്ദ്രതയേറിയ മേഖലയായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ വാഹനങ്ങൾ എറണാകുളത്തേക്ക് കടക്കാൻ സമീപത്തെ ബി.ഒ.ടി പാലത്തിലേക്ക് കടന്നതോടെ പ്രധാന റോഡുകളും തോപ്പുംപടി പ്രദേശത്തെ ഇടറോഡുകളും ഗതാഗതക്കുരുക്കിലായി.
വ്യാഴാഴ്ച രാവിലെ മുതൽ തോപ്പുംപടിയിൽ ഉടലെടുത്ത ഗതാഗതക്കുരുക്ക് രാത്രി വൈകിയും നീണ്ടു. മണിക്കൂറുകളോളമാണ് പലരും കുരുക്കിൽ അകപ്പെട്ടത്. ഇതോടെ സ്വകാര്യ ബസുകൾ പലതും ട്രിപ്പുകൾ വെട്ടിക്കുറച്ചു.കുടിവെള്ളക്ഷാമത്തിൽ നട്ടം തിരിയുന്ന കൊച്ചി മേഖലയിലേക്കുള്ള കുടിവെള്ള ടാങ്കറുകൾ ഗതാഗതക്കുരുക്കിൽ പെട്ടതോടെ യഥാസ്ഥാനത്ത് കുടിവെള്ളം എത്തിക്കാൻ കഴിയാതെ ലോറി ഡ്രൈവർമാരും വലഞ്ഞു.
ചില ലോറികൾ മടങ്ങി പോയതായും പറയുന്നുണ്ട്. എറണാകുളത്തേക്കും, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്കും പോകേണ്ട സ്വകാര്യ ബസുകൾ നിരത്തിൽ കുടുങ്ങിയതോടെ സർവിസ് താളം തെറ്റി. ഇത്രയേറെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടും ട്രാഫിക് നിയന്ത്രിക്കാൻ നാമമാത്രമായ പൊലീസുകാരും, ഹോം ഗാർഡുകളും മാത്രമാണ് ഉണ്ടായിരുന്നത്.
പൊതുമരാമത്ത് വകുപ്പാണ് ഹാർബർ പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. 45 ദിവസം പാലം അടച്ചിടേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം തിരക്കേറിയ മേഖലയെന്നത് കണക്കിലെടുത്ത് പകൽസമയം ഒഴിവാക്കി രാത്രി കാലങ്ങളിൽ നിർമാണ ജോലികൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.