ഇവർ പ്രതീക്ഷയുടെ ‘നേർവഴി’യിൽ; കൗമാരക്കാരായ കുറ്റവാളികളെ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും
text_fieldsകൊച്ചി: ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരായ കുറ്റവാളികളെ ജീവിതത്തിന്റെ നേർവഴിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന ‘നേർവഴി’ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു.
ലഹരി ഉപയോഗം വ്യാപകമായതോടെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി ശരിയായ മാർഗനിർദേശവും ദിശാബോധവും നൽകി പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് നിലവിൽ ഊന്നൽ നൽകിവരുന്നത്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തലും ബോധവത്കരണവുമടക്കം പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമ്പോഴും ഫണ്ടിന്റെ അപര്യാപ്തത വെല്ലുവിളിയായി മാറുന്നു.2017ൽ ജില്ലയിൽ നടപ്പാക്കി തുടങ്ങിയ ‘നേർവഴി’ പദ്ധതി പ്രകാരം ഇതിനകം 200ഓളം കുറ്റവാളികളെ പുനരധിവസിപ്പിച്ചു. കഴിഞ്ഞ വർഷം 46 പേരും 2024ൽ 72 പേരുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ.
പോരാട്ടം ലഹരിക്കെതിരെ
കഴിഞ്ഞ ഏപ്രിൽ മുതലാണ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടവരിലേക്ക് ജില്ലയിൽ ‘നേർവഴി’യുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചതെന്ന് ജില്ല പ്രബേഷൻ ഓഫിസർ ബെൻസൺ ഡേവിസ് പറഞ്ഞു. നിലവിൽ ഇത്തരം കേസുകളിൽ പെട്ട 15 പേരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ടെത്തി സാമൂഹിക നീതി വകുപ്പ് ഇടപെടൽ നടത്തിവരുന്നത്. ഇവരിൽ എട്ട് പേർ ജില്ലയിലെ എട്ട് ജയിലുകളിൽ നിന്നും അഞ്ച് പേർ എക്സൈസ് വകുപ്പിൽ നിന്നും ഒരാൾ വീതം ലഹരി മോചന ചികിത്സാ കേന്ദ്രം, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പദ്ധതിയിലേക്ക് റഫർ ചെയ്യപ്പെട്ടവരാണ്. ഗുണഭോക്താക്കളിൽ ഏഴ് പേർ 18നും 21നും ഇടയിലും ഏഴ് പേർ 22നും 25നും ഇടയിലും ഒരാൾ 25 വയസ്സിന് മുകളിലും പ്രായമുള്ളവരാണ്. എല്ലാവരും തന്നെ ലഹരി കേസുകളിൽ ഉൾപ്പെട്ടവരോ ലഹരിക്കടിപ്പെട്ടവരോ ആണ്.
ഗൃഹസന്ദർശനം, ബോധവത്കരണം
ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞാൽ സമഗ്രമായ തുടർപ്രവർത്തനങ്ങളാണ് സാമൂഹിക നീതി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യമേ തന്നെ ഇവരുടെ വീടുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവരുടെ അനുമതി രേഖാമൂലം വാങ്ങും. തുടർന്ന് ഓരോ മാസവും ഭവന സന്ദർശനവും കൗൺസലിങ്ങും നടത്തിവരുന്നു. ഇതിന് പുറമെ ജയിലുകളിൽ കഴിയുന്നവർക്കായി കൃത്യമായ ഇടവേളകളിൽ ബോധവത്കരണ ക്ലാസുകളും ലൈഫ് സ്കിൽ ക്ലാസുകളും മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. ചെയ്ത തെറ്റുകളിൽ പശ്ചാത്താപം തോന്നി പുതിയൊരു ജീവിതത്തെക്കുറിച്ച് പുനർവിചിന്തനത്തിന് വഴിയൊരുക്കുന്ന വിധത്തിൽ വിഷയങ്ങൾ കണ്ടെത്തിയാണ് ക്ലാസ് നടത്തുന്നത്.
വിദ്യാഭ്യാസത്തിനും അവസരം
മദ്യപാന ആസക്തി കുറക്കാൻ ഡീ അഡിക്ഷൻ സേവനങ്ങൾ, വീട് ഇല്ലാത്തവർക്ക് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങളിൽ താമസ സൗകര്യം എന്നിവയും ഒരുക്കുന്നു. തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് പ്രാപ്തരാക്കും. പഠനം മുടങ്ങിയവർക്ക് തുടർ വിദ്യാഭ്യാസം നൽകി തത്തുല്യ പരിക്ഷ എഴുതി പാസാകുന്നത് വരെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച് പുറത്തിറങ്ങുന്നവരെ വിലയിരുത്താൻ ഗൃഹ സന്ദർശനം, വീട്ടുകാരുമായി ആശയ വിനിമയം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കൊലപാതകം, ബലാൽസംഗം, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പദ്ധതിയിലേക്ക് പരിഗണിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

