മെട്രോ നഗരിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ആവേശത്തോടെ അവർ
text_fieldsവെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിലെ
അന്തേവാസികൾ ജലമെട്രോയിൽ
കൊച്ചി: പരിമിതികൾ മറന്ന് നഗരക്കാഴ്ചകളുടെ വിസ്മയ ലോകത്തേക്ക് വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിലെ അന്തേവാസികൾ. ട്രസ്റ്റിന് കീഴിലെ ശാരീരിക-മാനസിക വൈകല്യമുളള നാല്പതോളം അന്തേവാസികളാണ് ജല മെട്രോ അടക്കം നഗരക്കാഴ്ചകളുടെ മായാലോകത്തേക്ക് എത്തിയത്. ഇവർക്കൊപ്പം ട്രസ്റ്റ് ഭാരവാഹികളും ജീവനക്കാരും അന്തേവാസികളും ചേർന്നതോടെ യാത്ര അവിസ്മരണീയമായി മാറി. ഇരുനൂറോളം അന്തേവാസികളാണ് ട്രസ്റ്റിന് കീഴിലുളളത്. വാട്ടർമെട്രോ, ഫോർട്ട് കൊച്ചി അടക്കം കൊച്ചിക്കാഴ്ചകൾ അടുത്ത് കാണാനാണ് ഇവർക്ക് അവസരമൊരുക്കിയത്.
രാവിലെ 11 മണിയോടെ ജല മെട്രോ ടെർമിനലിലെത്തിയ അന്തേവാസികളെ മെട്രോ ഉദ്യോഗസ്ഥരും ട്രസ്റ്റ് അഭ്യുദയകാംക്ഷികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിളള യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് വൈകിട്ട് നാല് മണിയോടെയാണ് സംഘം മടങ്ങിയത്. ട്രസ്റ്റ് ചെയർമാൻ ഡോ.മൻസൂർ ഹസൻ, ഭാരവാഹികളായ മുഹമ്മദ് ഇക്ബാൽ, എം.എം.മിനി, പി.ഐ.അബ്ദുൾജബാർ, കെ.കെ.കബീർ, എച്ച്.ആർ.മാനേജർ ഷമീമ ജമാൽ, ഫാസില ആസിഫ്, സക്കീർ ഹുസൈൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. പരിപാടികൾക്ക് മുന്നോടിയായി ഫ്ലാഷ് മോബും നടന്നു.