പെരുമ്പാവൂര്‍ ഇ.എസ്.ഐ ഡിസ്പെന്സറിയില് ഡോക്ടറില്ല, മരുന്നുമില്ല
text_fieldsപെരുമ്പാവൂര്‍: ഇ.എസ്.ഐ ഡിസ്പെന്സറിയില് ആവശ്യത്തിന് മരുന്നുകളില്ല. ചികിത്സിക്കാൻ ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല. ഇതുമൂലം ചികിത്സക്കെത്തുന്ന രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അത്യാവശ്യ മരുന്നുകള്‍ മിക്കതും മാസങ്ങളായി ലഭ്യമല്ല.
പ്രമേഹബാധിതർക്കുള്ള ഇന്‍സുലിന്‍, ഗുളികകള്‍, ഹൃദ്രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ പ്രധാന മരുന്നുകള്‍ ഇല്ലാത്തത് രോഗികൾക്ക് വലിയ പ്രഹരമാണ്. ഫോർട്ട്കൊച്ചിയിലെ ഗോഡൗണില്‍നിന്ന് മരുന്ന് എത്തിക്കാനുള്ള വാഹനമില്ലെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. ദിവസവും നിരവധി രോഗികള്‍ മരുന്നിന് എത്തുന്നുണ്ട്.
സ്ഥിരമായി കഴിക്കേണ്ടതായ മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുകയാണ്. എന്നാല്‍, ചില മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ഉണ്ടാകാറില്ല. മരുന്നില്ലെന്ന പരാതി രോഗികള്‍ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മരുന്ന് ഉടൻ എത്തുമെന്ന് പറഞ്ഞ് പലപ്പോഴും രോഗികളെ തിരിച്ചയക്കുകയാണ് ജീവനക്കാര്‍.
പാതാളത്തെ ജില്ല ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ. ജില്ല ആശുപത്രിയില്‍നിന്ന് ഏഴ് ദിവസത്തേക്കുള്ള മരുന്ന് കൊടുക്കും. ഇതിന് ഡോക്ടറെ കാണണം. രാവിലെ എത്തി ടോക്കണ്‍ എടുത്ത് മണിക്കൂറുകള്‍ കാത്തുനിന്നാലേ ഇത് സാധ്യമാകൂവെന്നും പോക്കുവരവിനുമാത്രം നല്ലൊരു തുക ചെലവാകുമെന്നും രോഗികള്‍ പറയുന്നു. പെരുമ്പാവൂരില്‍ ആവശ്യത്തിന് ഡോക്ടമാര്‍ ഇല്ലെന്നുള്ളതും പ്രധാന പരാതിയാണ്.
ഒരു ഡോക്ടറെക്കൂടി അടിയന്തരമായി നിയമിക്കണമെന്നാണ് ആവശ്യം. മേഖലയിലെ ഒരു ലക്ഷത്തിലധികം രോഗികളുടെ ആശ്രയമാണ് ഡിസ്പെന്‍സറി. പ്ലൈവുഡ് കമ്പനികള്‍ ഉള്‍പ്പടെയുള്ള നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആശ്വാസമാണ് ആതുരാലയം. നിലവില്‍ ഡിസ്പെന്‍സറി കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. കിടത്തിച്ചികിത്സാ സൗകര്യം ഉള്‍പ്പെടെ 100 ബെഡോടുകൂടിയ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് 2022ല്‍ സ്ഥലം അന്വേഷിച്ചിരുന്നു. പിന്നീട് ഇതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. നിലവിലെ സ്ഥലത്ത് സൗകര്യങ്ങളുണ്ടാക്കി മെച്ചപ്പെട്ട സേവനം ഒരുക്കണമെന്നും ഈ വിഷയത്തില്‍ എം.പി, എം.എല്‍.എ എന്നിവരുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് രോഗികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

