മിനി ഇന്ത്യയിൽ വോട്ടഭ്യർഥനയിലും വ്യത്യസ്തത
text_fieldsമട്ടാഞ്ചേരി ചെറളായിൽ ഒരു മതിലിൽ വ്യത്യസ്ത ഭാഷകളിലുള്ള തെരഞ്ഞെടുപ്പ് വോട്ടഭ്യർഥന ചുവരെഴുത്ത്
മട്ടാഞ്ചേരി: 36 വ്യത്യസ്ത മത, ഭാഷാ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമായ മിനി ഇന്ത്യ എന്ന മട്ടാഞ്ചേരിയിൽ വോട്ടഭ്യർഥനയിലും അത് പ്രതിഫലിക്കുന്നു. ഇവിടെ പുതിയ ചെറളായി അഞ്ചാം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വ്യത്യസ്ത ഭാഷകൾ കൂടി അറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്. മലയാളികൾക്കൊപ്പം, ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും കൊങ്കണി സമൂഹവും തുടങ്ങി വിവിധ ഭാഷകൾ സംസാരിക്കുന്നവർ ഈ അഞ്ചാം ഡിവിഷനിൽ വോട്ടർമാരാണ്.
പാരമ്പര്യമായി ഇവിടെ കഴിഞ്ഞു വരുന്ന ഇവർക്ക് മലയാളം അറിയാമെങ്കിലും പുതുതലമുറക്കാർക്ക് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്. മലയാളത്തോടോപ്പം കൊങ്കണി, ഗുജറാത്തി, മറാഠി, കന്നഡ, തുളു, തെലുങ്ക്, തമിഴ്, ഉറുദു, പാഴ്സി തുടങ്ങി പത്തോളം ഭാഷകളുടെ സ്വാധീനം ഈ ഡിവിഷനിൽ പ്രകടമാണ്. ഇവർ താമസിക്കുന്ന മേഖലയിലെ മതിലുകളിൽ അതാത് പ്രദേശത്ത് താമസിക്കുന്ന വിഭാഗക്കാരുടെ ഭാഷയിൽ വോട്ടഭ്യർത്ഥന കാണാം.
വീടുകളിൽ എത്തിക്കുന്ന അഭ്യർഥന നോട്ടീസുകളും ഭാഷാ വൈവിധ്യം നിറഞ്ഞതാണ്. വാർഡ് പുനർ നിർണയത്തിലാണ് ഈ വൈവിധ്യം വന്നു ചേർന്നത്. നേരത്തേ മട്ടാഞ്ചേരി ഡിവിഷനിലാണ് ഈ അവസ്ഥ ഉണ്ടായിരുന്നത്. പഴയ മട്ടാഞ്ചേരി ഡിവിഷനിലെ ചില ഭാഗങ്ങൾ ചിറളായി ഡിവിഷനിൽ കൂട്ടി ചേർത്തപ്പോൾ ഇവിടെ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വ്യത്യസ്ത ഭാഷകളിൽ ബാനർ, മതിലെഴുത്ത്, നോട്ടീസ് എന്നിവ തയ്യാറാക്കേണ്ടി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

