തുള്ളിക്കൊരു കുടം; നദികളിലെ ജലനിരപ്പ് ഉയരുന്നു
text_fieldsകനത്തമഴയിൽ പെരിയാറിൽനിന്ന് വെള്ളം കയറിയ ആലുവ ശിവക്ഷേത്രം. ഈ വർഷം രണ്ടാം തവണയാണ് പെരിയാറിൽനിന്ന് വെള്ളംകയറി ക്ഷേത്രത്തിൽ ആറാട്ട് നടക്കുന്നത്
കൊച്ചി: നിറഞ്ഞുകവിയുന്ന പുഴകളും ജലാശയങ്ങളും, വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്... ഇങ്ങനെ നീളുകയാണ് കോരിച്ചൊരിയുന്ന മഴയിലെ കാഴ്ചകൾ. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിലായിരുന്നു വ്യാഴാഴ്ച അധികൃതർ.
മുൻ ദിവസത്തേതിന്റെ തുടർച്ചായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പുലർച്ചയും ശക്തമായ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ടാണ് ജില്ലയിൽ. ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും കൃഷി നാശമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠൻചാൽ ചപ്പാത്ത് ഭാഗത്ത് പുഴയിൽ കാണാതായ ബിജുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. അഗ്നിരക്ഷാ സേനയുടെ രണ്ട് സ്കൂബ ഡൈവിങ് സംഘവും എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘവും നേവിയും ചേർന്ന് തിരച്ചിൽ നടത്തി.
വീടുകളിൽ വെള്ളം കയറി, കലങ്ങിമറിഞ്ഞ് പുഴകൾ
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ തീരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കലങ്ങിമറിഞ്ഞ് ശക്തമായാണ് പുഴ ഒഴുകുന്നത്. ആലുവ മണപ്പുറവും ശിവക്ഷേത്രവും മുങ്ങി. ആലുവ ജലശുദ്ധീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് 1.7 മീറ്ററാകുമ്പോഴേക്കും മണപ്പുറത്ത് വെള്ളം കയറുമെന്നാണ് കണക്ക്.
വ്യാഴാഴ്ച പുലർച്ച മൂന്നുമണിയോടെ ജലനിരപ്പ് 3.4 മീറ്ററായി ഉയർന്നിരുന്നു. ശക്തമായ മഴയിൽ മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നു. മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ കോളനി, കാളച്ചന്ത, ആനിക്കാക്കുടി കോളനി എന്നിവിടങ്ങളിലെ 50 വീടുകളിൽ വെള്ളംകയറി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴ തുടരുമ്പോൾ കൂടുതൽ ആശങ്കയിലാണ് ജനം.
അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന കോർമലക്കുന്നിലെ താമസക്കാരായ അഞ്ച് കുടുംബങ്ങളോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസ് നൽകി. പശ്ചിമ കൊച്ചിയിൽ ശക്തമായ കായലേറ്റത്തിൽ തീരത്തോട് ചേർന്ന നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മഴയിലും വേലിയേറ്റത്തിലും ഇടക്കൊച്ചി, പെരുമ്പടപ്പ്, മുണ്ടംവേലി, കുമ്പളങ്ങി, കോവളം, ശംഖുംതറ, കോണം തുടങ്ങിയ ഭാഗങ്ങളിൽ ജനം ദുരിതത്തിലായി. പെരിയാറിന്റെയും ചാലക്കുടിയാറിന്റെയും തീരങ്ങളിലെ കുന്നുകര, പാറക്കടവ്, ചെങ്ങമനാട് പഞ്ചായത്തുകളിൽ മുപ്പതോളം വീടുകളിൽ വെള്ളംകയറി. പറവൂർ വടക്കേക്കര പഞ്ചായത്തിലെ സത്താർ ഐലൻഡിൽ വെള്ളം കയറി. 114 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
പെരിയാറിലെ നീരൊഴുക്ക് വർധിച്ചതോടെ ഭൂതത്താൻകെട്ട് ബാരേജിന്റെ 11 ഷട്ടറുകൾ പൂർണമായും തുറന്നു. കുടമുണ്ടപ്പാലം പൂർണമായി മുങ്ങി. തൃക്കാരിയൂരിനു സമീപം റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തങ്കളം ജവഹർനഗറിലെ വീടുകളുടെ മുറ്റത്ത് വെള്ളമെത്തി.
മണികണ്ഠൻചാൽ ചപ്പാത്തിൽ രണ്ടാംദിവസവും വെള്ളം കയറിയ നിലയിലാണ്. കുട്ടമ്പുഴ വാർഡ് 15ലെ നൂറേക്കറിലെ മണ്ണിടിച്ചിൽ രണ്ട് കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്.
അടിയന്തര യോഗവുമായി ദുരന്ത നിവാരണ അതോറിറ്റി
കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടനില പിന്നിട്ട സാഹചര്യത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ വിലയിരുത്താൻ ജില്ല ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു.
ശക്തമായ മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യം നേരിടാൻ പൂർണ സജ്ജമാണെന്ന് അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് യോഗത്തിൽ അറിയിച്ചു. ജനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ വിഭാഗങ്ങൾക്ക് നിർദേശം നൽകി.
മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും ജലനിരപ്പ് വ്യാഴാഴ്ച രാവിലെ അപകടനില പിന്നിട്ടു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുമ്പോൾ ഷട്ടറുകൾ താഴ്ത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ മലങ്കര ഡാം എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി.
മൂവാറ്റുപുഴ താലൂക്കിൽ വാഴപ്പിള്ളി ജെ.ബി. സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. മനോജ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നദികളിലെ ജലനിരപ്പ് ഉയരുന്നു
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ നദികളിലെ ജലനിരപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലയും അപകടനിലയും പിന്നിട്ടു. ശക്തമായ മഴ തുടരുന്നതിനാലും മലങ്കര അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിനാലും മൂവാറ്റുപുഴയാറിലെയും (ജലനിരപ്പ്: 12.186 മീ., അപകടനില: 11.93 മീ.) തൊടുപുഴയാറിലെയും (ജലനിരപ്പ്: 12.36 മീ., അപകടനില 11. 79 മീ.) ജലനിരപ്പ് അപകടനില പിന്നിട്ടു.
പെരിയാറിൽ ആലുവ മാർത്താണ്ഡവർമ, കാലടി പോയന്റുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞു. മഞ്ഞല്ലൂർ ഗ്രാമത്തിലെ മടക്കത്താനം-വാണർക്കാവ് റോഡ്, കുട്ടമ്പുഴ ഗ്രാമത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത്, ബ്ലാവന കടത്ത്, തൃക്കാരിയൂർ ഗ്രാമത്തിലെ ജവഹർ കോളനി, മുണ്ടുപാലം എന്നിവിടങ്ങളിൽ വെള്ളംകയറി.
പെരിയാറിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഏലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളംകയറി. പെരിയാറിന്റെ കൈവഴിയായ ഇടമുളയുടെ തീരത്തിനോട് അടുത്തുള്ള ബോസ്കോ കോളനി, പവർലൂം കോളനി തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി.
നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
എറണാകുളം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെറിയകടവ് സെൻറ് ജോസഫ് പാരിഷ് ഹാൾ, കുറ്റിക്കാട്ടുകര ജി.യു.പി.എസ്, മൂവാറ്റുപുഴ വാഴപ്പിള്ളി ജെ.ബി സ്കൂൾ, പറവൂർ കുന്നുകര ജി.യു എൽ.പി.എസ് എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ 24 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 291 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ ഏഴ് വീടുകൾ പൂർണമായും 284 വീടുകൾ ഭാഗികമായും നശിച്ചു. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ കുന്നത്തുനാട് താലൂക്കിൽ ഒരുവീട് പൂർണമായും ഒരുവീട് ഭാഗികമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

