കാത്തിരിപ്പിന് അറുതി; കൊച്ചിൻ കാൻസർ സെന്‍റർ ഉടൻ നാടിനു സമർപ്പിക്കും
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് അർബുദ ബാധിതർക്ക് ആശ്വാസവാർത്തയേകി കൊച്ചിൻ കാൻസർ റിസർച് സെന്‍ററിന്‍റെ ഉദ്ഘാടനം ഉടൻ നടക്കും. ഏറെക്കാലമായി ഉദ്ഘാടനം നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന സ്ഥാപനം ഈമാസം നാടിനു സമർപ്പിക്കുമെന്നാണ് സൂചന. അതല്ലെങ്കിൽ ഫെബ്രുവരി ആദ്യം തന്നെ നടക്കും.
നീണ്ടുപോയ ഉദ്ഘാടനം
എറണാകുളത്തെ സർക്കാർ ആരോഗ്യമേഖലയിലെ സ്വപ്ന പദ്ധതികളിലൊന്നാണ് കാൻസർ സെന്‍റർ. ഏറെക്കാലമായി ഇതിന്‍റെ നിർമാണം പുരോഗമിക്കുന്നു. 2024 മുതൽ കേൾക്കുന്നുണ്ട് ഉദ്ഘാടനം അടുത്തമാസം നടക്കുമെന്ന്. 2024 ഡിസംബറിൽ മെഡി. കോളജ് സന്ദർശിച്ച മന്ത്രി രാജീവ് കാൻസർ സെന്റർ ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്നും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം മാർച്ചിൽ പൂർത്തിയാകുമെന്നും വ്യക്തമാക്കിയിരുന്നു. മേയ് ആദ്യവാരം ആരോഗ്യമന്ത്രി വീണ ജോർജും ഇവിടം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. മേയ് 15നകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അന്ന് മന്ത്രിമാർ വ്യക്തമാക്കിരുന്നു. എന്നാൽ, ഈ ഉറപ്പുകളൊക്കെയും നീണ്ടുപോയി, ഒടുവിൽ ഒരു വർഷം പിന്നിടുമ്പോൾ ഉദ്ഘാടനം നടക്കുകയാണ്.
ആധുനിക സൗകര്യങ്ങൾ ഒരു കുടക്കീഴിൽ
ഏകദേശം 384.34 കോടി മുടക്കി നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്റർ സൗകര്യങ്ങളുടെ കാര്യത്തിൽ സ്വകാര്യ മേഖലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ്. ഒരേസമയം 100 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണം, അഞ്ച് അത്യാധുനിക ഓപറേഷൻ തിയറ്ററുകൾ തുടങ്ങിയവ ഇതിൽ ചിലത്. തിയറ്ററുകളിലൊന്ന് ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. സെന്‍ററിൽ പ്രധാന ഉപകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ചികിത്സക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാൻ 11.34 കോടി ചെലവഴിച്ച് നിർമിക്കുന്ന അമിനിറ്റി സെന്‍ററും ഒരുങ്ങുന്നുണ്ട്.
ഗവേഷണത്തിന് ഊന്നൽ
സാധാരണക്കാർക്ക് ചികിത്സ മാത്രമല്ല, മറ്റു കാൻസർ സെന്ററുകളിൽനിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് സ്ഥാപനത്തിൽ നൽകുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം 10,000 ചതുരശ്രഅടി സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇടവുമുണ്ട്. മധ്യകേരളത്തിലെ രോഗികൾക്ക് ഇനി വിദഗ്ധ ചികിത്സക്കായി കിലോമീറ്ററുകൾ താണ്ടേണ്ടി വരില്ലെന്നും രോഗനിർണയം മുതൽ ഗവേഷണംവരെ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ, അർബുദത്തിനെതിരായ പോരാട്ടത്തിൽ കേരളം ലോകത്തിന് തന്നെ വഴികാട്ടിയാകുകയാണെന്നും അധികൃതർ വിലയിരുത്തുന്നു.
ആശ്വാസമായി കൂടുതൽ തസ്തികകൾ
കൊച്ചി കാൻസർ റിസർച് സെന്‍ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത് ദിവസങ്ങൾക്കു മുമ്പാണ്. സെന്റർ പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ആശുപത്രി വിപുലീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചത്.
ഒന്നാം ഘട്ട പ്രവർത്തനത്തിനാവശ്യമായ മുഴുവൻ തസ്തികകളും സൃഷ്ടിക്കപ്പെട്ടുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നു. അക്കാദമിക്, നോൺ-അക്കാദമിക് തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. എട്ട് പ്രഫസർ തസ്തികകളും 28 അസി. പ്രഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിങ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർവരെ 18 വിഭാഗങ്ങളിലാണ് നോൺ അക്കാദമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചു. മറ്റ് കാൻസർ സെന്‍ററുകളായ റീജനൽ കാൻസർ സെന്‍റർ, മലബാർ കാൻസർ സെന്‍റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് കൊച്ചി കാൻസർ സെന്‍ററിലും തസ്തിക നിർണയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

