മഴ തുടരുന്നു; വെള്ളക്കെട്ടും
text_fieldsഇടപ്പള്ളി ജങ്ഷനിലെ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങളും കാൽനട യാത്രക്കാരും - ബൈജു െകാടുവള്ളി
കൊച്ചി: ചൊവ്വാഴ്ച മേഘവിസ്ഫോടനം സൃഷ്ടിച്ച തീവ്രമഴ പെയ്തിറങ്ങിയ ജില്ലയിൽ ബുധനാഴ്ച മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും മഴ പൊതുവെ കുറവായിരുന്നു. ഈ സമയം ചിലയിടങ്ങളിൽ മാത്രമാണ് നേരിയ മഴ പെയ്തത്. എന്നാൽ, ഉച്ചകഴിഞ്ഞതോടെ എറണാകുളം നഗരത്തിലടക്കം കനത്ത മഴയുണ്ടായി.
ഇതോടെ, മിക്ക റോഡുകളും മുങ്ങി. ഇടപ്പള്ളി, പാലാരിവട്ടം, കളമശ്ശേരി മൂലേപ്പാടം ഭാഗം, കാക്കനാട്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു വെള്ളക്കെട്ട് രൂക്ഷം. നായരമ്പലം പഞ്ചായത്ത് 14ാം വാർഡിൽ മംഗലശ്ശേരിയിൽ ലളിത ശങ്കരനാരായണന്റെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. എന്നാൽ, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 83.7 മി.മീറ്ററാണ്. ആലുവ -34.0 മില്ലി മീറ്റർ, എൻ.എ.എസ് കൊച്ചി -85.4, എറണാകുളം സൗത്ത് -66.0, സിയാൽ കൊച്ചി -55.7, പിറവം - 200.2, പെരുമ്പാവൂർ -61.0 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴയുടെ അളവ്. ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടായിരുന്നു. കീരേലി മലയിലെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഇന്‍ഫോപാര്‍ക്കിലെ വെള്ളക്കെട്ട്; കലുങ്ക് പുനർനിർമിക്കും
കൊച്ചി: ഇന്‍ഫോപാര്‍ക്കും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായ സാഹചര്യത്തില്‍ വെള്ളം ഒഴുകിപ്പോകുന്നതിന് നിലവിലെ കലുങ്ക് പുനർനിർമിക്കുന്നതിന് നിർദേശം സമര്‍പ്പിക്കണമെന്ന് ജില്ല കലക്ടര്‍. കിന്‍ഫ്ര, ഇന്‍ഫോര്‍പാര്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച നിർദേശം ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് നൽകണമെന്നാണ് കലക്ടര്‍ അറിയിച്ചിട്ടുള്ളത്. അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
പടമുകൾ പാലച്ചുവട് റോഡിലെ ചിന്നമ്പിളിച്ചിറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് പോർച്ചിൽ കിടന്നിരുന്ന കാർ ചിറയിൽ പതിച്ചപ്പോൾ
വെള്ളം ഒഴുക്കിക്കളയാൻ നിലവിലെ കലുങ്ക് അപര്യാപ്തമാണെന്നാണ് കിന്‍ഫ്ര, ഇന്‍ഫോര്‍പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കിയത്. ബോക്സ് കലുങ്ക് നിർമിച്ച് വെള്ളം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കേണ്ടിവരും. നിലംപതിഞ്ഞി മുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യവുമുണ്ട്. ഇടച്ചിറ തോട് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതായി മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
തൃക്കാക്കര നഗരസഭയിലെ ശുചീകരണ ജോലികളുടെ ഷോര്‍ട്ട് ടെന്‍ഡറിങ് പൂര്‍ത്തിയായതായും പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഇടപ്പള്ളി സിഗ്നല്‍ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മെട്രോ സ്റ്റേഷന് പിന്നിലെ കാന ശുചീകരിക്കുന്നതിന് ദേശീയപാത അതോറിറ്റി തയാറാക്കിയ നിർദേശം ലഭിച്ചാല്‍ അടിയന്തരമായി തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ മഴയില്‍ കളമശ്ശേരി നഗരസഭ പരിധിയിലെ 28 വാര്‍ഡുകളില്‍ വെള്ളക്കെട്ടുണ്ടായി.
നാല്പത് പേരെ ക്യാമ്പിലേക്ക് രാത്രി മാറ്റിയിരുന്നെങ്കിലും ബുധനാഴ്ച വീടുകളിലേക്ക് തിരിച്ചുപോയി. തൃപ്പൂണിത്തുറ നഗരസഭയിലെ 19, 20 വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണെന്ന് സെക്രട്ടറി അറിയിച്ചു. 10 വീടുകള്‍ വെള്ളത്തിലായിരുന്നു.
കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയ കളമശ്ശേരി മൂലേപ്പാടത്ത് വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്ന സ്ത്രീകൾ
നടപടിക്കൊരുങ്ങി നഗരസഭയും
കൊച്ചി: കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് നടപടിക്കൊരുങ്ങി കൊച്ചി നഗരസഭയും.
വെള്ളക്കെട്ട് മൂലം ആലുവ മുതല്‍ ഗതാഗതം സ്തംഭിച്ച വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മണ്‍സൂണ്‍ വരുമ്പോള്‍ ഇക്കാര്യം പരിഹരിക്കാന്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു.
സക്ഷന്‍ കം ജെറ്റിങ് മെഷീന്റെ പ്രവര്‍ത്തനം ജോസ് ജങ്ഷനില്‍ കൂടുതല്‍ കേന്ദ്രീകരിക്കും. മുല്ലശ്ശേരി കനാലിലും സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തും പ്രശ്നം പരിഹരിക്കാത്തത് ഇറിഗേഷന്‍ വകുപ്പിന്റെ ജോലി പൂര്‍ത്തീകരിക്കാത്തതിനാലാണ്. ഈ ജോലി പൂര്‍ത്തീകരിക്കാൻ ഇടപെടല്‍ നടത്തും. പുതിയ കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് നിർമിക്കുന്നതിന് വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭ്യർഥിച്ചിട്ടുണ്ട്.
സില്‍റ്റ് പുഷര്‍ മെഷീന് വാങ്ങാൻ നഗരസഭ തീരുമാനിച്ചു. ജൂണ്‍ അവസാനത്തില്‍ വരുമെന്നാണ് പ്രതീക്ഷ. കായലുകളിലെയും തോടുകളിലെയും സില്‍റ്റും പ്ലാസ്റ്റിക് മാലിന്യവും നീക്കാൻ വീഡ് ഹാര്വെസ്റ്ററും ചെറിയ സക്ഷന്‍ കം ജെറ്റിങ് മെഷീനും വാങ്ങും. പ്ലാസ്റ്റിക് ജലാശയങ്ങളില്‍ ഇടാതെയും കായലുകള്‍ മലിനപ്പെടുത്താതെയും പൊതുജനങ്ങളും സഹകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു.
തീരാദുരിതം, തോരാതെ കെടുതികൾ; തൃക്കാക്കരയിൽ കനത്ത നാശം
കാക്കനാട്: തൃക്കാക്കര മേഖലയിൽ കനത്ത മഴ ദുരിതം വിതച്ചു. പടമുകൾ പാലച്ചുവട് റോഡിൽ ചിന്നമ്പിള്ളിച്ചിറയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് തൊട്ടടുത്ത വീട്ടിലെ കാർ ചിറയിൽ വീണു. കാർപോർച്ച് അടക്കം ചിറയിലേക്ക് പതിച്ചു. തൊട്ടടുത്ത വീടിന്റെ കവാടത്തിൻറെ ഒരുഭാഗവും ടൈൽ വിരിച്ച റോഡിന്റെ പകുതിയോളവും ചിറയിൽ പതിച്ചു.
ടൈൽ റോഡിൽ വെള്ളം കയറി കൂടുതൽ ഇടിയാതിരിക്കാൻ റോഡിൽ ടാർപ്പായ വിരിച്ച് താൽകാലിക സംവിധാനം ഒരുക്കി. ചിറയോട് ചേർന്നുള്ള വലിയ മാവ് ചിറയിലേക്ക് ചരിഞ്ഞപ്പോൾ തൊട്ടുചേർന്നുള്ള വീട്ടിലെ റോഡും പോർച്ചും അതിൽ കിടന്ന കാറും ചിറയിൽ പതിക്കുകയായിരുന്നു. പടമുകൾ മ്യാലിൽ വീട്ടിൽ തോമസ് വർഗീസിൻറെ കാറാണ് കുളത്തിൽ വീണത്.
ബുധനാഴ്ച്ച വൈകിട്ട് 4.10 നായിരുന്നു സംഭവം. വീട്ടിലേക്കുള്ള സിറ്റി ഗ്യാസ് പൈപ്പും പൊട്ടി. സിറ്റി ഗ്യാസ് അധികൃതരെത്തിയാണ് ഗ്യാസ് പൈപ്പ് അടച്ചത്. കാക്കനാട് കുന്നിപ്പാടം റോഡിൽ കൂറ്റൻ മരം വീണ് സമീപത്തെ വീടിനും പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.
വൈദ്യുതി ബന്ധവും തകരാറായി. തൃക്കാക്കര അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. തൃക്കാക്കര വിജോഭവന് സമീപം സ്വകാര്യ പാർക്കിന്റെയും സമീപത്തെ സെമിനാരിയുടേയും മതിലിടിഞ്ഞ് മഴവെള്ളം കുത്തിയൊലിച്ച് അഞ്ചാം വാർഡ് കല്ലേപുറത്ത് റോഡിലേക്ക് വീണു. തൃക്കാക്കര മുണ്ടംപാലം ജങ്ഷനും സമീപത്തെ റോഡിലും കനത്ത വെള്ളക്കെട്ടിൽ ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങളിൽ വെള്ളം കയറി.
കാക്കനാട് സീപോർട്ട് റോഡ്-ശിഹാബ് തങ്ങൾ റോഡിൽ വെള്ളം കയറി സമീപത്തെ തോട്ടിലേക്ക് വീണ്ടും കാർ മറിഞ്ഞു. യാത്രക്കാരനെ വഴിയാത്രക്കാർ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയുണ്ടായ വെള്ളക്കെട്ടിലും ഇവിടത്തെ തോട്ടിൽ കാർ വീണിരുന്നു. കാക്കനാട് ആലപ്പാട്ട് നഗറിലെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. തൊട്ടടുത്ത വനിത ഹോസ്റ്റലിലെ താമസക്കാർ മണ്ണുമാന്തി യന്ത്രത്തിലാണ് ഹോസ്റ്റലിൽ പ്രവേശിച്ചത്. കനത്ത മഴയിൽ വെള്ളം ഒഴുകിയെത്തി തൃക്കാക്കര അമ്പലത്തിലെ മതിൽ ഇടിഞ്ഞു വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

