ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsസനീഷ്
കൊച്ചി: എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കോടം വിസ്മയ വീട്ടിൽ സനീഷാണ്(43) അറസ്റ്റിലായത്. വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്ന ഇയാൾ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നു. എറണാകുളം സൗത്തിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് പലതവണ ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. കൂടാതെ പരാതിക്കാരിയുടെ കൈയിൽനിന്ന് 50,000 രൂപയും മോതിരവും വാങ്ങി. പ്രതിക്ക് മറ്റുപല പെൺകുട്ടികളുമായും ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടു. ഈ സമയം പീഡനദൃശ്യങ്ങൾ അയച്ചുകൊടുത്തശേഷം വീണ്ടും വിളിച്ചാൽ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ചതി മനസ്സിലാക്കിയ പരാതിക്കാരി പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ ഒളിവിൽ പോയ സനീഷിനെ തൊടുപുഴക്ക് സമീപം വഴിത്തലയിൽനിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. മരട് പൊലീസ് സ്റ്റേഷനിൽ പീഡനശ്രമത്തിനും തൊടുപുഴയിൽ മോഷണത്തിനും ഇയാൾക്കെതിരെ കേസുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര, വഞ്ചിയൂർ സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സി.ഐ വിജയശങ്കറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ പ്രേംകുമാർ, ദിലീപ് എ.എസ്.ഐ ഷമീർ, എസ്.സി.പി.ഒമാരായ മനോജ് കുമാർ, അനീഷ്, ഇഗ്നേഷ്യസ്, ഇസഹാഖ്, ഹേമ ചന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു.