നന്നായി പനിക്കുന്നുണ്ട്... ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു
text_fieldsകൊച്ചി: ജില്ലയിൽ പനിബാധിതർ അനുദിനം വർധിക്കുന്നു. ഒരു മാസത്തിനിടെ പനിബാധിതരുടെ എണ്ണം ഏഴു മടങ്ങിലേറെ വർധിച്ചു. പനി ബാധിച്ച് ഒരാഴ്ചക്കിടെ മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഴക്കാലം തുടങ്ങിയതോടെയാണ് പനിബാധ പെരുകാൻ തുടങ്ങിയത്. ജൂൺ ഒന്നു മുതൽ ഇതുവരെ പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 6000ത്തോളം പേരാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരും അത്രത്തോളം വരും. വെസ്റ്റ്നൈൽ പനി ബാധിച്ചാണ് രണ്ട് മരണം ഉണ്ടായത്. തുടര്‍ച്ചയായ പനിമരണങ്ങള്‍ ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വൈറൽ പനി, ഇൻഫ്ലുവൻസ എന്നിവയാണ് പടർന്നുപിടിക്കുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ജൂണിൽ 56 പേർക്ക് ഡെങ്കിപ്പനിബാധ സ്ഥിരീകരിച്ചു. 5594 പേർ പനിക്ക് ചികിത്സ തേടി. 118 പേർക്ക് ഇൻഫ്ലുവൻസയും 1646 പേർക്ക് വയറിളക്ക രോഗങ്ങളും സ്ഥിരീകരിച്ചു. പനിക്കൊപ്പം വയറിളക്ക രോഗബാധയും വർധിച്ചിട്ടുണ്ട്. മൺസൂൺ ശക്തമായതോടെ വയറിളക്ക രോഗങ്ങൾക്കൊപ്പം ഡെങ്കി, എലിപ്പനി എന്നിവയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്. കടവന്ത്രയിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 40 പേർക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചു.
10 ദിവസത്തിനിടെ പൊലിഞ്ഞത് നാലു ജീവൻ
പനി ബാധിച്ച് ജില്ലയിൽ 10 ദിവസത്തിനിടെ പൊലിഞ്ഞത് നാല് പേരുടെ ജീവനാണ്. വെസ്റ്റ് നൈൽ പനി, എച്ച്1എന്‍1 എന്നിവ ബാധിച്ച് രണ്ട്പേർ വീതമാണ് മരിച്ചത്. ആലുവ കിഴക്കെ കടുങ്ങല്ലൂർ സ്വദേശി മുരളീധരൻ (70), പറവൂർ സ്വദേശിനി സരസ്വതി അമ്മ എന്നിവരാണ് വെസ്റ്റ് നൈൽ പനി ലക്ഷണങ്ങളോടെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇടപ്പള്ളി അഞ്ചുമന പട്ടരുമഠം വീട്ടിൽ കെ ലളിതാംബിക (75), വടക്കുംപുറത്ത് താമസിക്കുന്ന പച്ചാളം സ്വദേശി രാജഗോപാലന്‍ എന്നിവരാണ് ജില്ലയില്‍ എച്ച്1എന്‍1 ബാധിതരായി മരിച്ചത്.
പനിബാധ ഇത്തവണ കുറവ് -ഡി.എം.ഒ
പനിബാധ കഴിഞ്ഞ വർഷം മൺസൂൺ കാലത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണെന്ന് ഡി.എം.ഒ ഡോ. ആർ. ഷാഹിർഷാ ‘മാധ്യമ’ത്തോട് പറഞ്ഞു. മഴക്കാല രോഗ പ്രതിരോധ മുന്നൊരുക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. വെസ്റ്റ്നൈൽ പനി, എച്ച് 1എൻ1 ബാധിച്ച് മരിച്ചവരുടെ സാമ്പിളുകൾ പരിശോധനക്ക് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. എച്ച്1 എൻ1 രണ്ട് മരണങ്ങൾ സംശയിക്കപ്പെടുകയാണെന്നും വൈറോളജി ലാബിലെ ഫലം ലഭിക്കാത്തതിനാൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഡി.എം.ഒ പറഞ്ഞു.
വേണ്ടത് ജാഗ്രത
ജില്ലയിലെ ചില പ്രദേശങ്ങളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി പക്ഷികളിലാണ് വൈറസ് കാണപ്പെടുന്നത്. ദേശാടന പക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വൈറസ് കൊതുക് കടിയിലൂടെ മനുഷ്യരിലേക്ക് എത്തി രോഗം ഉണ്ടാക്കുന്നു. രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റു വ്യക്തികളിലേക്ക് രോഗം പകരില്ല. വയോജനങ്ങൾ രോഗപ്രതിരോധശേഷി കുറഞ്ഞവർ, അനുബന്ധ രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകുകടി കൊള്ളുന്നതിന് സാധ്യത കൂടുതലുള്ള പ്രഭാത വേളയിലും വൈകുന്നേരങ്ങളിലും കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങൾ 28
ജില്ലയിൽ ജൂൺ ഒന്നിനുശേഷം 28 ഇടങ്ങളിലാണ് നിലവിൽ ഡെങ്കിബാധ റിപ്പോർട്ട് ചെയ്തത്. ഓരോ ആഴ്ചയും പുതിയ സ്ഥലങ്ങളിൽ രോഗബാധ ഉണ്ടാകുന്നുണ്ട്. അതിനാൽ ഏത് സ്ഥലത്തും ഡെങ്കിബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജാഗ്രത പാലിക്കലാണ് പ്രധാന മുൻകരുതൽ. കൊതുകാണ് രോഗം പരത്തുന്നത്. ആലങ്ങാട്, കളമശ്ശേരി, രായമംഗലം, തൃപ്പൂണിത്തുറ വെങ്ങോല, എലൂർ, പാറകടവ്, അങ്കമാലി, കാലടി, മണീട്, മുളന്തുരുത്തി, പിറവം, വെണ്ണല, ഉദയംപേരൂർ, മഴുവന്നൂർ, ചൂർണിക്കര, ഇടപ്പള്ളി, എടത്തല, ഏരൂർ, കീച്ചേരി, കൂനമ്മാവ്, നെടുമ്പാശ്ശേരി, പിഴാല, പൂതൃക്ക, തൃക്കാക്കര, വാരാപ്പുഴ, വേങ്ങൂർ, കടവന്ത്ര എന്നിവിടങ്ങളിലാണ് ഡെങ്കി ബാധ റിപ്പോർട്ട് ചെയ്തത്.
വെസ്റ്റ് നൈല്‍ ലക്ഷണങ്ങൾ
പനി, ഉയർന്ന ശരീര താപനില, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, പനി ബാധിതന്റെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ, അർധബോധാവസ്ഥയോ അബോധാവസ്ഥയോ ആകുന്നതുപോലെയുള്ള സാഹചര്യങ്ങൾ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകാം. രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, മസ്തിഷ്കജ്വരം എന്നിവ ഉണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ചികിത്സ തേടുക എന്നത് പ്രധാനമാണ്. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും വ്യക്തിഗത പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അധികൃതര്‍ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

