ആരവമടങ്ങി; ഇനി കാര്യത്തിലേക്ക് ‘കിരീടധാരണം’ 21ന്
text_fieldsകൊച്ചി: വിജയാഘോഷവും ആരവവും അടങ്ങി, ഇനി അധികാരത്തിന്‍റെ തലപ്പത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താനുള്ള നടപടികള്‍ക്ക് ജില്ലയിൽ ഒരുക്കം തുടങ്ങി. എല്ലായിടത്തും തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബര്‍ 21ന് അംഗങ്ങള്‍ അധികാരമേല്‍ക്കും. 2219 പേരാണ് ജില്ലയിൽ സത്യപ്രതിജ്ഞക്ക് തയാറെടുക്കുന്നത്. ജില്ല പഞ്ചായത്ത്, കൊച്ചി കോർപറേഷൻ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 നഗരസഭകൾ, 82 ഗ്രാമ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ.
21ന് രാവിലെ 10ന് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലും നടപടികള്‍ ആരംഭിക്കും. കോര്‍പറേഷനില്‍ 11.30നാണ് ചടങ്ങുകള്‍ നടക്കുക. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് ഈ യോഗത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി വായിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പിന് നിയോഗിച്ച വരണാധികാരി ആയിരിക്കും ഭരണ സാരഥികളുടെ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യയോഗം ചേര്‍ന്നതിന്റെ മിനിറ്റ്സ് സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്.
സത്യപ്രതിജ്ഞാദിവസം ചെയ്യാൻ കഴിയാത്ത അംഗത്തിന് അവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട് അധ്യക്ഷന്‍മാര്‍ മുമ്പാകെ വേണം പിന്നീട് സത്യപ്രതിജ്ഞ ചെയ്യാൻ. ഇത്തരത്തിൽ പ്രതിജ്ഞ ചെയ്യാത്തവർക്ക് ഏതെങ്കിലും യോഗനടപടികളില്‍ പങ്കുകൊള്ളുന്നതിനോ യോഗങ്ങളില്‍ വോട്ട് ചെയ്യുന്നതിനോ അവകാശമുണ്ടായിരിക്കില്ല. ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിജ്ഞയെടുക്കല്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം അതത് കലക്ടര്‍മാര്‍ക്കായിരിക്കും.
തദ്ദേശ തലവൻമാരുടെ തെരഞ്ഞെടുപ്പ് 26നും 27നും
കൊച്ചി: കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയർ, നഗരസഭ ചെയര്‍മാന്‍, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 26ന് നടക്കും. മേയർ, ചെയർമാൻ തെരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി, വൈസ് പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30നുമാണ് നടത്തുക. ഗ്രാമ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചക്ക് 2.30നുമാണ് നടത്തുക. തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അതത് പഞ്ചായത്തുകളുടെ വരണാധികാരികള്‍ നടത്തേണ്ടതാണ്.
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, കോര്‍പറേഷന്‍, നഗരസഭ എന്നിവിടങ്ങളില്‍ ആദ്യ അംഗത്തെ സത്യ പ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുന്നത് അതതിടങ്ങളിലെ വരണാധികാരി ആയിരിക്കും. കോര്‍പറേഷനിൽ ജില്ല കലക്ടറാണ് സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. ഏറ്റവും പ്രായം കൂടിയ അംഗത്തെയായിരിക്കും വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. ഒന്നില്‍ കൂടുതല്‍ വരണാധികാരിയുള്ള നഗരസഭ കൗണ്‍സിലില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട വരണാധികാരി ആയിരിക്കും ഇത് നിര്‍വഹിക്കുക. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കണം. സത്യപ്രതിജ്ഞ കഴിഞ്ഞ് അംഗങ്ങളുടെ ആദ്യ യോഗം ഉടന്‍ ചേരണം. ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുക ആദ്യം പ്രതിജ്ഞ ചെയ്ത അംഗമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

