എറണാകുളം മെഡിക്കൽ കോളജ് മാതൃശിശു സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
text_fieldsകൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. ഗർഭിണികൾക്കും കുട്ടികൾക്കും ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 285.31 കോടി രൂപ ചെലവിൽ 8.27 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 850 കിടക്കകളുള്ള പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്.
ഉന്നത നിലവാരത്തിനുള്ള ആധുനിക രോഗനിർണയ സംവിധാനങ്ങൾ ഉൾപ്പെടുന്ന മാതൃശിശു സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, ഐ.സി.എം.ആറിൽനിന്ന് ഒരു കോടി 97 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ലെവൽ 2 വൈറോളജി ടെസ്റ്റിങ്ങിന് പര്യാപ്തമായ മൈക്രോബയോളജി ലാബ്, ഹെൽത്ത് ഹബിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും രണ്ടുകോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 12 പേ വാർഡുകൾ, ത്വഗ് രോഗ വിഭാഗത്തിന് കീഴിൽ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ സജ്ജീകരിച്ച കോസ്മെറ്റോളജി ക്ലിനിക്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്ന് രണ്ടുകോടി ചെലവഴിച്ച് നിർമിച്ച മൾട്ടിപാർക്കിങ് ഷെഡ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2023-24 പ്ലാൻ ഫണ്ടിൽനിന്ന് 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച അക്കാദമിക് ബ്ലോക്ക് ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനവും 2024-2025 പ്ലാൻ ഫണ്ടിൽനിന്ന് 3 കോടി 67 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ബി.എം.ബി.സി. നിലവാരത്തിലുള്ള റോഡുകളുടെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എം.എൽ.എമാരായ അനൂപ് ജേക്കബ്, ആന്റണി ജോൺ, അൻവർ സാദത്ത്, കെ. ബാബു, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, കെ.ജെ. മാക്സി, റോജി എം. ജോൺ, പി.വി. ശ്രീനിജിൻ, ഉമ തോമസ്, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ല കലക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

