ഡിജിറ്റൽ ഹബ് ജൂണിൽ പ്രവർത്തനം തുടങ്ങും
text_fieldsകേരള സ്റ്റാർട്ടപ് മിഷന്റെ കീഴിൽ നിർമാണം പുരോഗമിക്കുന്ന ഡിജിറ്റൽ ഹബ്
കൊച്ചി: കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിലുള്ള ഡിജിറ്റൽ ഹബ് ജൂണിൽ പ്രവർത്തനം തുടങ്ങും. കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ വരുന്ന ടെക്നോളജി ഇന്നവേഷൻ സോണിലാണ് ഡിജിറ്റൽ ഹബ് ഒരുങ്ങുന്നത്. കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. രണ്ടുലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഗ്രഫീൻ ഇന്നവേഷൻ സെന്ററും ഡിസൈൻ ഹബും ഡിജിറ്റൽ ഹബിലുണ്ടാകും.
ഡിസൈൻരംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സ്റ്റുഡിയോയും ലാബും അടക്കം അടിസ്ഥാന സൗകര്യങ്ങളാണ് 10,000 ചതുരശ്ര അടിയുള്ള ഡിസൈൻ ഹബിലുണ്ടാവുക. സ്റ്റാർട്ടപ് രംഗത്തിന് പുത്തൻ ഊർജം നൽകുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 2021 സെപ്റ്റംബർ 18നാണ് നാടിന് സമർപ്പിച്ചത്.
ഡിജിറ്റൽ ഹബ് ഉൾപ്പെടുന്ന ടെക്നോളജി ഇന്നവേഷൻ സോണിന് 215 കോടിയാണ് പ്രതീക്ഷിത ചെലവ്. നിലവിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലുള്ള 165നു പുറമെ 200 സ്റ്റാർട്ടപ്പുകൂടി പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാനാകും.

