കുഴിയിൽ വീണ് യുവാവിന്‍റെ മരണം ജല അതോറിറ്റി മറുപടി പറയണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപം ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ യുവാവിന്‍റെ ശരീരത്തിലൂടെ ലോറി കയറി മരിക്കാനിടയായത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിന്‍റെ ചുമലിൽ കെട്ടിവെക്കാൻ ജല അതോറിറ്റി ശ്രമിച്ചതായും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ (നിരത്ത് വിഭാഗം) കുറ്റപ്പെടുത്തി.
ജല അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ റിപ്പോർട്ടിന് കൃത്യമായ വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് ഉത്തരവ് നൽകി. 22ന് രാവിലെ 10ന് പത്തടിപ്പാലം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
2019 ഡിസംബർ 12നാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപം കോമത്ത് ലെയ്ൻ ഭാഗത്ത് ബൈക്ക് യാത്രികനായ യദുലാൽ മരിച്ചത്. 2019 സെപ്റ്റംബർ 17 നാണ് മെട്രോ സ്റ്റേഷന് സമീപത്തെ ചോർച്ച ശ്രദ്ധയിൽപെട്ടതെന്ന് ജല അതോറിറ്റി എം.ഡി കമീഷനെ അറിയിച്ചു. ഡിസംബർ 12ന് യുവാവ് കുഴിയിൽ വീണ് മരിച്ചയുടൻ ചോർച്ച പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയതായും വ്യക്തമാക്കി. ഈ റിപ്പോർട്ടിനുള്ള മറുപടി പൊതുമരാമത്ത് വകുപ്പിൽനിന്ന് കമീഷൻ വാങ്ങി. പ്രസ്തുത റിപ്പോർട്ടിലാണ് ജല അതോറിറ്റിക്കെതിരെ ഗുരുതര പരാമർശങ്ങളുള്ളത്. അപകടത്തെത്തുടർന്ന് നാല് ഉദ്യോഗസ്ഥരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തിട്ടും ജല അതോറിറ്റി ഒരാൾക്കെതിരെപോലും നടപടിയെടുത്തില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.